വിധി പറഞ്ഞത് ഏകപക്ഷീയമായി; ലോകായുക്ത സിറിയക് ജോസഫിനെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് കെ.ടി ജലീൽ

Update: 2024-02-29 14:00 GMT

ലോകായുക്ത ഭേദ​ഗതി ബില്ലിന് രാഷ്ട്രപതി അം​ഗീകാരം നൽകിയതോടെ ലോകായുക്തയെ വെല്ലുവിളിച്ച് കെ ടി ജലീൽ എം.എൽ.എ. ലോകായുക്ത സിറിയക് ജോസഫിനോട് 2022ൽ തനിക്കെതിരെയുള്ള വിധിയെ സംബന്ധിച്ച് പരസ്യ സംവാദത്തിന് തയ്യാറുണ്ടോയെന്നും കെ ടി ജലീൽ ചോദിച്ചു. യുഡിഎഫിന്റെ പ്രലോഭനങ്ങൾക്ക് വഴങ്ങി തികച്ചും ഏകപക്ഷീയമായാണ് വിധി പറഞ്ഞതെന്ന് കെടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.

ലോകായുക്തയ്ക്ക് ഒരു തുറന്ന കത്ത് എന്ന തലക്കെട്ടോടെയാണ് കെ ടി ജലീലിന്റെ ഫോസ്ബുക്ക് പോസ്റ്റ്. സിറിയക് ജോസഫിനെപോലെ നീതിബോധം തൊട്ടുതീണ്ടാത്തവർ “ന്യായാധിപൻ” എന്ന വാക്കിനാൽ അഭിസംബോധന ചെയ്യപ്പെടാൻ പോലും അർഹനല്ലെന്ന് ജലീൽ പറയുന്നു. മറ്റു പലർക്കെതിരെയും ലോകായുക്തയിൽ ഹർജികൾ വന്നപ്പോൾ അവർക്കൊക്കെ നോട്ടീസ് അയച്ച് അവരെ കേൾക്കാൻ വിശാലമനസ്കത കാണിച്ച ലോകായുക്ത ജസ്റ്റിസ് തനിക്കുമാത്രം ആ മാനുഷിക നീതി നിഷേധിച്ചത് എന്തുകൊണ്ടാണെന്നും ജലീൽ ചോദിക്കുന്നു.

ഒരു സാധാരണ പൊതുപ്രവർത്തകനെ രാഷ്ട്രീയമായി ഇല്ലാതാക്കാനല്ലാതെ മറ്റെന്തിനായിരുന്നു തിരഞ്ഞെടുപ്പ് സമയം നോക്കി ധൃതിപിടിച്ച് തട്ടിക്കൂട്ടിയ പ്രമാദമായ ആ വിധിയെന്നും അദ്ദേഹം ചോദിച്ചു. താങ്കൾക്കെതിരെ വിവിധ കോണുകളിൽ നിന്ന് ഉയർത്തപ്പെട്ട ആരോപണങ്ങളെല്ലാം നൂറ്റൊന്ന് ശതമാനം വസ്തുതകളാണെന്ന് ആരെക്കാളുമധികം താങ്കൾക്കറിയാമെന്നും അതുകൊണ്ടല്ലേ മൗനം കൊണ്ടുള്ള ഓട്ടയടക്കൽ എന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.

Tags:    

Similar News