ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്നം; ഗുരുതര കൃത്യവിലോപം നടത്തിയ ഹെൽത്ത് ഇൻസ്പെക്ടറെ സസ്പെൻ്റ് ചെയ്തു
ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്നത്തിൽ ഗുരുതര കൃത്യവിലോപം നടത്തിയ തിരുവനന്തപുരം കോര്‍പറേഷനിലെ ഹെൽത്ത് ഇൻസ്പെക്ടറെ മേയര്‍ സസ്പെൻ്റ് ചെയ്തു. തോടിന്‍റെ തമ്പാനൂർ ഭാഗം ഉള്‍പ്പെടുന്ന പ്രദേശത്തിന്‍റെ ചുമതലയുളള സെക്രട്ടറിയേറ്റ് സര്‍ക്കിൾ ഹെല്‍ത്ത് ഇന്‍സ്പെക്ടർ കെ ഗണേഷിനെയാണ് ആഭ്യന്തര അന്വേഷണ റിപ്പോര്ട്ടിനെ തുടർന്ന് സസ്പെന്റ് ചെയ്തത്.
തോട് വൃത്തിയാക്കാത്തതിൽ മേയർ ആര്യ രാജേന്ദ്രൻ റെയില്‍വേയെ പഴിക്കുമ്പോഴാണ് കോർപറേഷന്‍റെ വീഴ്ചയിൽ ഉദ്യോഗസ്ഥനെതിരെയും നടപടിയെടുത്തത്. അന്വേഷണ റിപ്പോർട്ടിൻ്റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
ആമയിഴഞ്ചാൻ തോട് ശുചിയാക്കുന്നതിനിടെ തൊഴിലാളിയായ ജോയി മരിച്ച സംഭവം വൻ വിവാദമായിരുന്നു. തുടക്കം മുതൽ തന്നെ മേയറും സർക്കാരും റെയിൽവേയെ കുറ്റപ്പെടുത്തിയിരുന്നു.
തമ്പാനൂർ സ്റ്റേഷനിലൂടെ കടന്നുപോകുന്ന തോടിന്‍റെ ഭാഗം വൃത്തിയാക്കുന്നതിൽ റെയില്‍വേ വരുത്തിയ ഗുരുതര വീഴ്ചയാണ് എല്ലാത്തിനും കാരണം എന്നായിരുന്നു കുറ്റപ്പെടുത്തൽ. ജോയിയുടെ മരണമുണ്ടായി ഒരാഴ്ച പിന്നിടുമ്പോഴാണ് കോർപറേഷൻ സ്വന്തം ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തത്.