വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പൽ തീരം അണഞ്ഞു;സ്വീകരിച്ച് മുഖ്യമന്ത്രി

Update: 2023-10-15 11:35 GMT

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തിയ ആദ്യ കപ്പലിനെ സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തുറമുഖത്തെത്തിയ ചൈനീസ് കപ്പൽ ഷെൻഹുവ 15നെ മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്‌താണ് സ്വീകരിച്ചത്. വാട്ടർ സല്യൂട്ട് നല്‍കി കൊണ്ടാണ് കപ്പൽ ബർത്തിലേക്ക് അടുപ്പിച്ചത്. മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും ചടങ്ങിലെത്തി. ആഘോഷത്തിന് മാറ്റ് കൂട്ടി കരിമരുന്ന് പ്രയോഗവും നടന്നു. കേന്ദ്ര ഷിപ്പിങ് മന്ത്രിയാണ് ചടങ്ങിന്‍റെ മുഖ്യാതിഥി. അദാനി ഗ്രൂപ്പിന്റെ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.

കേന്ദ്ര വിദേശകാര്യ, പാർലമെന്ററികാര്യ വകുപ്പ് സഹമന്ത്രി വി.മുരളീധരൻ, പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി, റവന്യു വകുപ്പ് മന്ത്രിയും വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് ഡയറക്ടർ ബോർഡ് അംഗവുമായ കെ രാജൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ശശി തരൂർ എംപി, എം വിൻസെന്റ് എംഎൽഎ, മേയർ ആര്യ രാജേന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ.വി വേണു, തുറമുഖ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ എസ് ശ്രീനിവാസ്, അദാനി വിഴിഞ്ഞം പോർട്ട് ലിമിറ്റഡ് ചെയർമാൻ കരൺ അദാനി, അദാനി വിഴിഞ്ഞം തുറമുഖ കമ്പനി സിഇഒ രാജേഷ് ഝാ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. സംസ്ഥാനത്തെ മറ്റ് മന്ത്രിമാരും ജനപ്രതിനിധികളും വിശിഷ്ട വ്യക്തികളും ചടങ്ങിൽ സന്നിഹിതരായിട്ടുണ്ട്.

തുറമുഖത്തിനാവശ്യമായ മൂന്ന് ക്രയിനുകളുമായിട്ടാണ് ആദ്യ കപ്പലെത്തുന്നത്. ഗുജറാത്തിലെ മുന്ദ്രതീരത്തു നിന്ന് ഷെൻഹുവ 15 കപ്പൽ ഇതിനോടകം പുറം കടലിൽ എത്തിയിട്ടുണ്ട്. പ്രൗഢഗംഭീരമായ ചടങ്ങോടെയാണ് സംസ്ഥാനം കപ്പലിനെ ഔദ്യോഗികമായി തീരത്തേക്ക് സ്വീകരിക്കുന്നത്.

Tags:    

Similar News