ചാറ്റ് ജിപിറ്റി രൂപം കൊടുത്ത പ്രോഗ്രാം അവതരിപ്പിച്ച് റേഡിയോ കേരളം; മലയാള മാധ്യമങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് രൂപം കൊടുത്ത ആദ്യ പരിപാടി

Update: 2023-01-27 10:57 GMT

ലോകമെങ്ങും തരംഗമാകുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുളള ചാറ്റ്ബോട്ടായ ചാറ്റ് ജിപിറ്റി രൂപം കൊടുത്ത ആശയം അടിസ്ഥാനമാക്കി റിപ്പബ്ലിക് ദിനത്തിൽ റേഡിയോ പരിപാടി അവതരിപ്പിച്ച് ദുബായിൽ നിന്നും പ്രക്ഷേപണം ചെയ്യുന്ന റേഡിയോ കേരളം 1476 എഎം. റിപ്പബ്ലിക് ദിനത്തിൽ അവതരിപ്പിച്ച 'ദേശഭക്തി ഗാനങ്ങൾ ദശാബ്ദങ്ങളിലൂടെ'എന്ന പരിപാടിയുടെ ആശയവും മറ്റ് വിശദാംശങ്ങളും പൂർണമായും നൽകിയത് ചാറ്റ് ജിപിറ്റിയാണ്. ഇതോടെ മലയാള മാധ്യമങ്ങളിൽ എഐ രൂപം നൽകിയ ആദ്യ പരിപാടിയായി റേഡിയോ കേരളം 1476ന്റെ 'ദേശഭക്തി ഗാനങ്ങൾ ദശാബ്ദങ്ങളിലൂടെ'.

റിപ്പബ്ലിക് ദിന പ്രത്യേക പരിപാടികളുടെ ആശയങ്ങൾക്കെല്ലാം രൂപം കൊടുത്ത ശേഷം റേഡിയോ കേരളം 1476 എഎം ടീം ചാറ്റ് ജിപിറ്റിയോട് ഒരു പരിപാടിയുടെ ആശയം കൂടി നിർദ്ദേശിക്കാൻ ആവശ്യപ്പെടുകയുണ്ടായി. അതിന് മറുപടിയായാണ് 1950 മുതൽ ഇതുവരെയുളള ഒരോ ദശാബ്ദങ്ങളിലെയും ഏറ്റവും ജനപ്രിയമായ ദേശഭക്തിഗാനങ്ങളെ അടിസ്ഥാനമാക്കിയുളള പരിപാടിയുടെ ആശയം ചാറ്റ് ജിപിറ്റി നൽകിയത്. ഇതിന് പുറമെ ആ ഗാനങ്ങളുടെ പശ്ചാത്തലത്തിൽ പ്രശസ്തരായ നേതാക്കന്മാരുടെ വചനങ്ങൾ തുടങ്ങിയവ കൂടി ഉൾപ്പെടുത്താനും ചാറ്റ് ജിപിറ്റി നിർദ്ദേശിച്ചു. ശ്രോതാക്കൾക്ക് പരിപാടിയിലേക്ക് നേരിട്ട് വിളിച്ച് ഗാനങ്ങൾ ആവശ്യപ്പെടാനുമുളള സൗകര്യമൊരുക്കണമെന്നും ചാറ്റ് ജിപിറ്റി നിർദ്ദേശിച്ചു. തുടർന്ന് റേഡിയോ കേരളം ടീം ഈ ആശയത്തിന്റെ അടിസ്ഥാനത്തിൽ പ്രോഗ്രാമിന് രൂപം കൊടുക്കുകയും വിജയകരമായി റിപ്പബ്ലിക് ദിനത്തിൽ പ്രക്ഷേപണം ചെയ്യുകയും ചെയ്തു.

മലയാള മാധ്യമങ്ങളിൽ എഐ രൂപം കൊടുത്ത ആദ്യ പരിപാടിമലയാള മാധ്യമങ്ങളിൽ ആദ്യമായാണ് ഇത്തരത്തിലൊരു പരീക്ഷണം വിജയകരമായി അവതരിപ്പിക്കുന്നത്. ഇക്കഴിഞ്ഞ ദിവസങ്ങൾ ചാറ്റ് ജിപിറ്റി ലോകമാധ്യമങ്ങളിൽ വാർത്താവിസ്ഫോടനം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ചാറ്റ് ജിപിറ്റി തയ്യാറാക്കിയ പ്രസംഗം അമേരിക്കൻ സെനറ്റംഗം ജനപ്രതിനിധി സഭയിൽ അവതരിപ്പിച്ചത് വൻ വാർത്ത സൃഷ്ടിച്ചിരുന്നു. ആദ്യമായാണ് ഇത്തരത്തിൽ എഐ പ്ലാറ്റ്ഫോം തയ്യാറാക്കിയ പ്രസംഗം സെനറ്റിൽ അവതരിപ്പിക്കപ്പെടുന്നത്. മിനസോട്ട യൂണിവേഴ്സിറ്റിയും പെൻസിൽവാനിയ യൂണിവേഴ്സിറ്റിയും നടത്തിയ ഗ്രാജൂവേറ്റ് ലെവൽ പരീക്ഷകളിൽ ചാറ്റ് ജിപിറ്റി വിജയം നേടിയതും വലിയ വാർത്തയായിരുന്നു. ടെക്നോളജിയിലെ അടുത്ത വലിയ സംഭവം എന്നാണ് ചാറ്റ് ജിപിറ്റിയെ ഈ മേഖലയിലെ വിദഗ്ദർ വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ ചാറ്റ് ജിപിറ്റി നിർദ്ദേശിച്ച ആശയത്തെ അടിസ്ഥാനമാക്കി പരിപാടി അവതരിപ്പിച്ചതിലൂടെ റേഡിയോ കേരളം 1476 എഎമ്മും ചരിത്രത്തിൽ ഇടം പിടിച്ചു. ജിസിസി രാജ്യങ്ങളിലെല്ലാം ലഭ്യമായ ഏക മലയാള വാർത്താ വിനോദ റേഡിയോ ആണ് റേഡിയോ കേരളം 1476 എഎം.

Similar News