'പാലക്കാട് തെരഞ്ഞെടുപ്പിൽ ഒയാസിസ് കമ്പനി സിപിഎമ്മിന് പണം നൽകി': രാഹുൽ മാങ്കൂട്ടത്തിൽ
കേരളത്തിലെ ഏറ്റവും വലിയ മദ്യ കുംഭകോണത്തിൽ ഒന്നാണ് പാലക്കാട് ബ്രൂവറിയെന്ന് കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട് തെരഞ്ഞെടുപ്പിൽ ഒയാസിസ് കമ്പനി സിപിഎമ്മിന്റെ ചീഫ് പാർട്ണർ ആയിരുന്നുവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. പാലക്കാട് ബ്രൂവറിക്ക് അനുമതി നൽകരുതെന്നാവശ്യപ്പെട്ട് നിയമസഭയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ.
പാലക്കാട് തെരഞ്ഞെടുപ്പിൽ സിപിഎം പാലക്കാട് ചെലവഴിച്ചത് ഒയാസിസിൻ്റെ പണമാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. തെരഞ്ഞെടുപ്പിൽ പണം ഇറക്കിയതിന്റെ നന്ദി ആണ് ബ്രൂവവറി കരാർ. സകല തട്ടിപ്പുകാരുടെയും കാവലാളാണ് മുഖ്യമന്ത്രി. മന്ത്രി എം.ബി രാജേഷ് അതിന്റെ ഏജന്റ്. തട്ടിപ്പുകാരെ മുട്ടിച്ചു കൊടുക്കുന്ന ഏജൻ്റാണ് രാജേഷ്. ഏത് കമ്പനിയുമായി വന്നാലും പാലക്കാട് പ്രവർത്തിക്കാൻ അനുവദിക്കില്ല. എം.ബി രാജേഷ് വാങ്ങിയ പണം കമ്പനിക്ക് തിരികെ കൊടുക്കുന്നതാണ് നല്ലത്. അഴിമതിക്ക് കൂട്ടുനിന്ന മന്ത്രിമാർക്ക് സ്വൈര്യമായി ഇറങ്ങി നടക്കാനാകില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
മാർച്ച് നിയമസഭയ്ക്ക് മുന്നിൽ പൊലീസ് ബാരിക്കേഡ് വെച്ചു തടഞ്ഞു. മാർച്ചിന് നേരെ നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവർത്തകർ പിരിഞ്ഞുപോയില്ല. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സ്ഥലത്ത് മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ തമ്പടിച്ച് നിൽക്കുകയാണ്. രാഹുൽ മാങ്കൂട്ടത്തിലടക്കമുള്ളവർ പ്രതിഷേധം തുടരുകയാണ്. ബാരിക്കേഡ് മറികടന്ന് അകത്ത് കടക്കാനാണ് ശ്രമം.