താര സംഘടനായായ 'അമ്മ'യുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തു

Update: 2024-06-30 15:32 GMT

താരസംഘടനയായ അമ്മയിലെ എക്സിക്യൂട്ടീവ് കമ്മറ്റി അം​ഗങ്ങളെ തെരഞ്ഞെടുത്തു. കലാഭവന്‍ ഷാജോണ്‍, സുരാജ് വെഞ്ഞാറമ്മൂട്, ജോയ് മാത്യു, സുരേഷ് ക‍ൃഷ്ണ, ടിനി ടോം, അനന്യ, വിനു മോഹന്‍, ടൊവീനോ തോമസ്, അന്‍സിബാ ഹസന്‍, സരയൂ എന്നിവരാണ് എക്സിക്യൂട്ടിവ് കമ്മറ്റിയിലുള്ളത്.

സംഘടനയുടെ നിയമാവലി അനുസരിച്ച് നാല് വനിതകള്‍ ഭരണ സമിതിയില്‍ ഉണ്ടാകണം. നിലവിലുള്ള മൂന്ന് പേര്‍ക്ക് പുറമെ ഒരാളെ കൂടി ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ജനറല്‍ ബോഡി യോഗത്തില്‍ തര്‍ക്കമുണ്ടായി. ഒരാളെ ഉള്‍പ്പെടുത്താനുള്ള അധികാരം എക്സിക്യൂട്ടിവ് കമ്മറ്റിക്കാണെന്ന് ജഗദീഷും സിദ്ദിഖുമടക്കം വാദിച്ചപ്പോള്‍ ജനറല്‍ ബോഡിയില്‍ തന്നെ തീരുമാനമെടുക്കണമെന്ന് ജോയ് മാത്യു ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞു.

ഒടുവില്‍ എക്സിക്യൂട്ടിവ് കമ്മറ്റി തന്നെ തീരുമാനമെടുക്കുന്നതിലേക്ക് കാര്യങ്ങളെത്തി. ഷീലു എബ്രഹാം, കുക്കു പരമേശ്വരന്‍, മഞ്ജു പിള്ള എന്നിവരില്‍ ഒരാളെ പരിഗണിക്കണമെന്ന് ഒരു വിഭാഗം നടിമാര്‍ ആവശ്യപ്പെട്ടു. അടുത്ത എക്സിക്യൂട്ടീവ് കമ്മറ്റിയില്‍ നാലാമത്തെ വനിതാ പ്രതിനിധിയെ നോമിനേറ്റ് ചെയ്യും. ജനറല്‍ സെക്രട്ടറി സ്ഥാനത്തിരിക്കവെ തന്നെ സമൂഹമാധ്യമങ്ങളിലടക്കം അപമാനിച്ചപ്പോള്‍ സംഘടനയിലുള്ളവര്‍ പോലും പിന്തുണച്ചില്ലെന്ന് വിടവാങ്ങൽ പ്രസംഗത്തില്‍ ഇടവേള ബാബു കുറ്റപ്പെടുത്തി. തന്നെ പേയ്ഡ് സെക്രട്ടറിയായി ചിത്രീകരിച്ചെന്നു ബാബു തുറന്നടിച്ചു.

Tags:    

Similar News