സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രിയോടെ അവസാനിക്കും. 3500ൽ അധികം വരുന്ന യന്ത്രവൽകൃത ബോട്ടുകൾ മീൻ പിടിക്കാൻ ഇന്ന് രാത്രിയോടെ കടലിലിറക്കും. എന്നാൽ മഴ കുറഞ്ഞത് മത്സ്യ ലഭ്യത കുറയ്ക്കുമെന്ന ആശങ്കയിലാണ് മത്സ്യത്തൊഴിലാളികൾ. എങ്കിലും പ്രതീക്ഷയോടെ കടലിൽ പോകാനുള്ള അവസാന വട്ട തയ്യാറെടുപ്പിലാണ് സംസ്ഥാനത്തെമ്പാടും മത്സ്യത്തൊഴിലാളികൾ.
നീണ്ട 52 ദിവസത്തെ വറുതിക്കാലത്തിന് ശേഷമാണ് പുതിയ വലകൾ സജ്ജമാക്കിയും പഴയ വലകൾ നന്നാക്കിയും മത്സ്യത്തൊഴിലാളികൾ തയ്യാറെടുക്കുന്നത്. പുത്തൻ പെയിന്റടിച്ചും അറ്റകുറ്റപ്പണി നടത്തിയും ബോട്ടുകളും തയ്യാറായി കഴിഞ്ഞു. ഇന്ന് അർദ്ധരാത്രി മീൻപിടിക്കാനിറങ്ങുന്ന ബോട്ടുകളിൽ ആദ്യ സംഘം നാളെ ഉച്ചയോടെ തീരമണിയും.
ട്രോളിങ് കാലത്ത് സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ റേഷൻ കിട്ടിയെങ്കിലും 4500 രൂപയുടെ സമ്പാദ്യ ആശ്വാസ പദ്ധതി കിട്ടാത്തത് മത്സ്യത്തൊഴിലാളികൾ പരാതി ഉയർത്തുന്നുണ്ട്. അതേസമയം യന്ത്രവൽകൃത ബോട്ടുകളിൽ മീൻ പിടിത്തം തുടങ്ങുന്നതോടെ മീൻ വിലയിൽ കുറവുണ്ടാകുമെന്ന ആശ്വാസത്തിലാണ് ജനങ്ങൾ.