'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്'; ഭരണഘടനാ സംവിധാനത്തെ വെല്ലുവിളിക്കുന്നതിനു തുല്യമാണെന്ന് ശശി തരൂർ

Update: 2023-09-02 02:44 GMT

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന നിർദേശം ഈ മഹാരാജ്യത്തെ വലിയൊരു ഭരണഘടനാ സംവിധാനത്തെ വെല്ലുവിളിക്കുന്നതിനു തുല്യമാണെന്ന് കോൺഗ്രസ് എംപി ശശി തരൂർ. അത് അത്രവേഗം സാധ്യമാകില്ലെന്നും ശശി തരൂർ തിരുവനന്തപുരത്ത് മാധ്യമങ്ങളോടു പ്രതികരിച്ചു.

''ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത് പ്രായോഗികമാണോ എന്നതാണ് ചോദിക്കുന്നത്. ഓരോ തവണയും തിരഞ്ഞെടുപ്പ് നടത്തുമ്പോൾ ഭയങ്കര ചെലവല്ലേ, എല്ലാ ആറു മാസം കൂടുമ്പോഴും തിരഞ്ഞെടുപ്പ് വരും, പെരുമാറ്റച്ചട്ടം നിലവിൽവരും, ഭരിക്കാൻ സാധിക്കില്ല. ഒരേസമയം തിരഞ്ഞെടുപ്പ് നടന്നുകഴിഞ്ഞാൽ എന്നു തുടങ്ങിയ വാദങ്ങളൊക്കെ ഉയരാറുണ്ട്. ഇതിനുള്ള മരുന്ന് എങ്ങനെ കൊണ്ടുവരും.

നമ്മുടേത് ഒരു പാർലമെന്ററി സംവിധാനമാണ്. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് സംവിധാനം നടക്കുന്നത് പ്രസിഡന്‍ഷ്യൽ സംവിധാനത്തിൽ മാത്രമാണ്. ഒരു പ്രസിഡന്റിനെ തിരഞ്ഞെടുത്തു കഴിഞ്ഞാൽ അദ്ദേഹത്തിന്റെ കാലാവധി നാലുവർഷമോ അഞ്ചുവർഷമോ ആയിരിക്കും. നമ്മുടേത് ഒരു പാർലമെന്ററി ഡെമോക്രസിയാണ്. ഇവിടുത്തെ നിയമം അനുസരിച്ച് പാർലമെന്റിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടാൽ സർക്കാർ രാജിവയ്ക്കണം. അങ്ങനെയാണ് നമുക്ക് ആറുമാസം കൂടുമ്പോൾ തിരഞ്ഞെടുപ്പ് വരാൻ തുടങ്ങിയത്.

1967ൽ ജയിച്ചുവന്ന ചില സഖ്യ സർക്കാരുകൾ 1968, 69 ആയപ്പോൾ ഭൂരിപക്ഷം നഷ്ടമായി താഴെവീണു. അങ്ങനെ പലയിടത്തും പുതിയ തിരഞ്ഞെടുപ്പ് വന്നു. ദേശീയതലത്തിലും ഇതാണ് സംഭവിച്ചത്. കോൺഗ്രസിന്റെ വിഭജനം നടന്ന ശേഷം 1971ൽ രാജിവച്ച് പുതിയ തിരഞ്ഞെടുപ്പ് നടത്തി. 1967 കഴിഞ്ഞ് 1972ലായിരുന്നു തിരഞ്ഞെടുപ്പ് വരേണ്ടിയിരുന്നത്. എന്നാൽ 71ൽ തിരഞ്ഞെടുപ്പ് നടത്തേണ്ടിവന്നു. അതോടെ അവിടെയും മാറ്റമുണ്ടായി. ഓരോ സ്ഥലത്തും ഭൂരിപക്ഷം നഷ്ടമായശേഷം പാർലമെന്റ് സംവിധാനത്തിനകത്ത് പല സംസ്ഥാനങ്ങള്‍ക്കും തിരഞ്ഞെടുപ്പിന് വേറെ കലണ്ടർ മാറിവന്നു.

ഇനി ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന് വന്നാൽപ്പോലും പിന്നീട് ഈ സംസ്ഥാനങ്ങളിൽ ഭൂരിപക്ഷം നഷ്ടമായി സര്‍ക്കാരുകൾ താഴെവീണാൽ എന്താകും സംഭവിക്കുക. ജനാധിപത്യത്തിൽ ഭൂരിപക്ഷമില്ലെങ്കിൽ ഭരിക്കാനാകില്ല. അതു നിയമമാണ്. അവിടങ്ങളിലെല്ലാം രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുമോ?. ഇതിനെക്കുറിച്ച് ചിന്തിക്കുകയും ചർച്ച ചെയ്യുകയും വേണ്ടേ. വെറുതേ 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' എന്ന മുദ്രാവാക്യം പറഞ്ഞിട്ട് പോകുകയാണ്. അതുപോലെതന്നെ 'ഒരു നേതാവ്, ഒരു പാർട്ടി, ഒരു മതം, ഒരു ദൈവം' എന്നൊക്കെ പറഞ്ഞു നടന്നാൽ ഈ രാജ്യത്തിന്റെ ബഹുസ്വരതയെക്കുറിച്ച് ആർക്കും ഒരു ചിന്തയുമില്ലേ?

ഭാരതത്തിലുള്ള ഓരോ വ്യത്യാസങ്ങളെയും ഒന്നാക്കി കണ്ട് മുന്നോട്ടുകൊണ്ടുപോകുന്നതാണ് ജനാധിപത്യം. അതിനെമാറ്റി വേറെയെന്താ ചെയ്യാന്‍ പോകുന്നത്. ഭരണഘടനയിൽ അങ്ങനെയൊരു നിർദേശം പ്രായോഗികമല്ല. ഇപ്പോഴത്തെ ബിജെപിക്ക് അതു പ്രയോജനം ചെയ്യുമായിരിക്കും. 1952, 1957, 1962, 1967 ഒക്കെ കോൺഗ്രസ് ഭരണമായിരുന്നു. അന്ന് അവർക്ക് അതു ഗുണകരമായിരുന്നു. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്ന സംവിധാനം വന്നാൽ, ബിജെപിക്ക് കേരളത്തിലോ തമിഴ്നാട്ടിലോ സീറ്റ് കിട്ടാൻ പോകുന്നുണ്ടോ. ഇതൊക്കെ ചെറിയ കാലയളവിലെ മുൻതൂക്കം നോക്കി ഈ മഹാരാജ്യത്തിന്റെ വലിയൊരു ഭരണഘടനാ സംവിധാനത്തെ മാറ്റണ്ടെന്നാണ് എന്റെ അഭിപ്രായം'' – തരൂർ കൂട്ടിച്ചേർത്തു.

Tags:    

Similar News