ജമ്മു കശ്മീരില്‍ തീവ്രവാദം അതിന്റെ അവസാന ശ്വാസം വലിച്ചുകൊണ്ടിരിക്കുകയാണ്; പ്രധാനമന്ത്രി
ജമ്മു കശ്മീരില്‍ തീവ്രവാദം അതിന്റെ അവസാന ശ്വാസം വലിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്ക് തുടക്കമിട്ടുകൊണ്ട് ദോദയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
'ഞങ്ങളും നിങ്ങളും ഒരുമിച്ച് ജമ്മു കശ്മീരിനെ രാജ്യത്തിന്റെ സുരക്ഷിതവും സമ്പന്നവുമായ ഭാഗമാക്കും', ബിജെപി റാലിയെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു. സ്വാതന്ത്ര്യാനന്തരം, ജമ്മു കശ്മീര്‍ വിദേശ ശക്തികളുടെ ലക്ഷ്യമായി മാറുകയും കുടുംബരാഷ്ട്രീയം ഈ മനോഹരമായ പ്രദേശത്തെ ഉള്ളില്‍നിന്ന് പൊള്ളയാക്കുകയും ചെയ്തു. രാഷ്ട്രീയ കുടുംബങ്ങള്‍ അവരുടെ മക്കളെ ഉയര്‍ത്തിക്കാട്ടി, പുതിയ നേതൃത്വത്തെ വളരാന്‍ അനുവദിച്ചില്ലെന്നും മോദി പറഞ്ഞു.
2014-ല്‍ ഞങ്ങള്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിന് തൊട്ടുപിന്നാലെ ഒരു യുവ നേതൃത്വത്തെ രൂപപ്പെടുത്തുന്നതില്‍ തന്റെ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചതായും മോദി അവകാശപ്പെട്ടു.
വിദ്വേഷത്തിന്റെ കട നടത്തുന്ന ചില ആളുകള്‍ സ്‌നേഹത്തിന്റെ കട എന്ന ബോര്‍ഡിന് പിന്നില്‍ ഒളിച്ചിരിക്കുന്നുണ്ടെന്നും രാഹുലിനെ ലക്ഷ്യമിട്ടുകൊണ്ട് മോദി പറഞ്ഞു. പോലീസിനെയും സൈന്യത്തെയും ആക്രമിക്കാന്‍ നേരത്തെ ഉയര്‍ത്തിയ കല്ലുകള്‍ ഇപ്പോള്‍ പുതിയ ജമ്മു-കശ്മീര്‍ സൃഷ്ടിക്കാന്‍ ഉപയോഗിക്കുന്നുവെന്നും മോദി തിരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു.