പല തിമിംഗലങ്ങളുടെയും പേരുകൾ ഇപ്പോഴും ഇരുട്ടിൽ; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിനെ വിമർശിച്ച് ടി പദ്മനാഭൻ

Update: 2024-08-29 06:05 GMT

സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സാഹിത്യക്കാരൻ ടി പദ്മനാഭൻ. ഹേമ കമ്മീഷൻ എന്നതിന് പകരം ഹേമ കമ്മിറ്റി എന്നായപ്പോൾ തന്നെ ആദ്യ പാപം സംഭവിച്ചുവെന്ന് ടി പദ്മനാഭൻ പറഞ്ഞു. എറണാകുളം ഡിസിസിയിൽ നടന്ന വെള്ളിത്തിരയിലെ വിലാപങ്ങൾ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാർ നാലര വർഷം ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ അടയിരുന്നുവെന്നും ടി പദ്മനാഭൻ വിമർശിച്ചു. ഇരയുടെ ഒപ്പം ആണ് സർക്കാർ എന്ന് പറയുന്നത്. എന്നാൽ, അങ്ങനെയല്ല. ധീരയായ പെൺകുട്ടിയുടെ പരിശ്രമം ആണിത്. അതിജീവിതയായ ആ നടിയുടെ കേസും എങ്ങും എത്തിയില്ലെന്നും ടി പദ്മനാഭൻ വിമർശിച്ചു. പല കടലാസുകളും എവിടെയെന്ന് ചോദിച്ച ടി പദ്മനാഭൻ പല തിമിംഗലങ്ങളുടെയും പേരുകൾ ഇപ്പോഴും ഇരുട്ടിലാണെന്നും വിമർശിച്ചു. സാംസ്‌കാരിക മന്ത്രി സജി ചെറിയാനെയും ടി പദ്മനാഭൻ വിമർശിച്ചു. സാംസ്‌കാരിക മന്ത്രിയുടേത് നിഷ്‌കളങ്കമായ സത്യപ്രസ്താവനയെന്നായിരുന്നു പരിഹാസം. ഹേമ റിപ്പോർട്ട് പഠിച്ചില്ലെന്നാണ് മന്ത്രി പറഞ്ഞത്.

ഇതൊരു പരമ്പര ആണ്. ഇപ്പോൾ പുറത്തുവന്ന കടലാസ് കഷ്ണങ്ങളിൽ നിന്ന് ഒരുപാട് ബിംബങ്ങൾ തകർന്നു വീണു. എല്ലാ കാർഡുകളും മേശ പുറത്തിടണം എന്നാൽ മാത്രമേ സർക്കാരിൽ ജനങ്ങൾക്ക് വിശ്വാസം ഉണ്ടാകു .പുറത്തുവന്ന വിവരങ്ങളിൽ ദു:ഖിതനാണെന്നും ടി പദ്മനാഭൻ പറഞ്ഞു.

Tags:    

Similar News