'കൃഷ്ണാ, ഗുരുവായൂരപ്പാ, ഭഗവാനേ'; ലോക്സഭ അംഗമായി മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപി

Update: 2024-06-24 07:43 GMT

ലോക്‌സഭ അംഗമായി മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപി എംപി. ദൈവനാമത്തിലായിരുന്നു സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞ. മൂന്നാം മോദി സർക്കാരിൽ ടൂറിസം, പെട്രോളിയം വകുപ്പുകളുടെ സഹമന്ത്രിയാണ് സുരേഷ് ഗോപി.

സത്യപ്രതിജ്ഞയിലേക്കു കടക്കും മുൻപ് അദ്ദേഹം 'കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനേ' എന്നു ചൊല്ലിക്കൊണ്ടാണ് പീഠത്തിന് അരികിലേക്ക് എത്തിയത്. തുടർന്ന് സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞയ്ക്കു ശേഷം ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും നോക്കി തൊഴുതാണ് അദ്ദേഹം സീറ്റിലേക്ക് മടങ്ങിയത്. ലോക്‌സഭയിൽ എംപിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് പുരോഗമിക്കുകയാണ്. കേന്ദ്രമന്ത്രി എന്ന നിലയിലാണ് സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞ ആദ്യമേ നടന്നത്.

പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംപിമാർക്ക് പ്രോടെം സ്പീക്കർ ഭർതൃഹരി മഹത്താബാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.

Tags:    

Similar News