ആയിഷത്ത് മിൻഹ മരിച്ചതിൽ അധികൃതരുടെ അനാസ്ഥയുണ്ടെന്ന് എ കെ എം അഷ്റഫ് എം എൽ എ, മരങ്ങൾ മുറിച്ചു മാറ്റണമെന്ന് നിർദേശം നൽകിയിട്ടും നടപ്പിലായില്ല
കാസർകോട് അംഗടിമൊഗർ ഗവ ഹയർ സെക്കന്ററി സ്കൂൾ കോമ്പൗണ്ടിൽ മരം വീണ് ആറാം ക്ലാസ് വിദ്യാർത്ഥി ആയിഷത്ത് മിൻഹ മരിച്ചതിൽ അധികൃതരുടെ അനാസ്ഥയുണ്ടെന്ന് എ കെ എം അഷ്റഫ് എം എൽ എ. സ്കൂൾ തുറക്കുന്നതിന് മുൻപ് അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചു മാറ്റണമെന്ന് നിർദേശം നൽകിയിട്ടും അത് നടപ്പിലായില്ലെന്ന് എം എൽ എ കുറ്റപ്പെടുത്തി. ഇന്നലെ വൈകിട്ടാണ് സ്കൂൾ കോമ്പൗണ്ടിൽ മരം വീണ് ആറാം ക്ലാസ് വിദ്യാർത്ഥി ആയിഷത്ത് മിൻഹ മരിച്ചത്.
അതേസമയം സ്കൂളിൽ അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റിയിരുന്നതായി വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. കഴിഞ്ഞദിവസം കടപുഴകിയ മരം അപകട അവസ്ഥയിലുള്ള മരങ്ങളുടെ കൂട്ടത്തിൽ ഇല്ലായിരുന്നതായും മന്ത്രി പറഞ്ഞു. കൂടാതെ കുട്ടികൾ പിന്നിലെ ഗേറ്റ് വഴിയാണ് ഇറങ്ങിയത്. സാധ്യമായ സഹായമെല്ലാം കുടുംബത്തിനായി സർക്കാർ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.