അഞ്ചുതെങ്ങ് മാമ്പള്ളിയില്‍ നാലു വയസ്സുകാരിയെ ആക്രമിച്ച തെരുവ് നായക്ക് പേ വിഷബാധ ഉള്ളതായി സ്ഥിരീകരിച്ചു. കഴിഞ്ഞ ഞായറാഴ്ച രാവിലെ 8 മണിക്ക് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന റീജന്‍ - സരിത ദമ്പതികളുടെ മകളായ റോസ്ലിയയെ തെരുവുനായ ആക്രമിച്ചിരുന്നു.
കഴുത്തിലും കണ്ണിലും ചുണ്ടിലും കടിയേറ്റ് ഗുരുതരമായി പരിക്കുപറ്റിയ കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന് ശേഷം പ്രദേശത്ത് അലഞ്ഞ് തിരിഞ്ഞു നടന്ന നായ മണിക്കൂറുകള്‍ക്ക് ശേഷം ചത്തു. യാതൊരു പരിശോധനയ്ക്കും വിധേയമാക്കാതെ നായയെ കുഴിച്ചു മൂടുകയും ചെയ്തത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ അഞ്ചുതെങ്ങ് ഗവ. വെറ്റിനറി സര്‍ജന്‍ എസ്. ജസ്നയുടെ മേല്‍നോട്ടത്തില്‍ പുറത്തെടുത്ത് പാലോട് ചീഫ് ഡിസീസ് ഇന്‍വസ്റ്റിഗേഷന്‍ ഓഫീസിലേക്ക് പരിശോധനയ്ക്കായി അയച്ചിരുന്നു.
കഴിഞ്ഞ ദിവസം ഇതിന്റെ പരിശോധന വിവരം പുറത്തുവന്നപ്പോഴാണ് നായക്ക് പേ വിഷബാധ ഉള്ളതായി സ്ഥിരീകരിച്ചത്. കുട്ടിയെ നായയുടെ ആക്രമണത്തില്‍ നിന്ന് രക്ഷിച്ചവര്‍ ഉള്‍പ്പെടെ കുട്ടിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ പത്തോളം പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയതായി അഞ്ചുതെങ്ങ് സി.എച്ച്.സി യിലെ മെഡിക്കല്‍ ഓഫീസര്‍ അനില്‍കുമാര്‍ പറഞ്ഞു.