നവകേരള സദസ്; സ്‌കൂൾ ബസ് വിട്ടുകൊടുക്കണമെന്ന ഉത്തരവ്, ഹൈക്കോടതി സ്റ്റേ ചെയ്തു

Update: 2023-11-21 10:05 GMT

നവകേരളയാത്രയ്ക്കായി സ്‌കൂൾ ബസുകൾ വിട്ട് നൽകാനുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കോടതി അനുമതി ഇല്ലാതെ ബസ് വിട്ട് നൽകരുതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. സ്‌കൂൾ ബസുകൾ പൊതുയാത്രയ്ക്ക് ഉപയോഗിക്കാൻ മോട്ടോർ വാഹന നിയമം അനുവദിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാൻ കോടതി സർക്കാരിന് നിർദ്ദേശം നൽകി.

നവംബർ 18 മുതൽ ഡിസബംർ 23 വരെ നവകേരള സദസിൻറെ സംഘാടകർ ആവശ്യപ്പെട്ടാൽ സ്‌കൂൾ ബസ് വിട്ട് നൽകണമെന്നാണ് പൊതു വിദ്യാഭ്യാസ ഡയറക്ടർ ഇറക്കിയ സർക്കുലറിൽ ആവശ്യപ്പെട്ടത്. ആരാണ് ഈ സംഘാടക സമിതി എന്നും അവർ ആവശ്യപ്പെട്ടാൽ പൊതു ആവശ്യമാകുമോ എന്നും ചോദിച്ചാണ് കോടതി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് സ്റ്റേ ചെയ്തതത്. സ്‌കൂൾ ബസ്സുകൾ കുട്ടികളുടെ സുരക്ഷയ്ക്കും യാത്രയ്ക്കും വേണ്ടിയാണ്. അത് മുതിർന്ന യാത്രക്കാരെ കൊണ്ടുപോകാനോ, വിദ്യാഭ്യാസേതര ആവശ്യത്തിനും ഉപയോഗിക്കാൻ നിയമം അനുശാസിക്കുന്നുണ്ടോ ഇക്കാര്യം സർക്കാർ വ്യക്തമാക്കണമെന്ന് കോടതി ഇടക്കാല ഉത്തരവിൽ പറഞ്ഞു. ഇത് വിശദീകരിച്ച ശേഷം മാത്രമേ ബസുകൾ വിട്ട് നൽകാമോ എന്ന് തീരുമാനിക്കാൻ കഴിയുകയെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. കാസർകോട് സ്വദേശിയായ രക്ഷിതാവാണ് സർക്കുലർ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്. 

Tags:    

Similar News