കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ആയതോടെ ഓണത്തിന് മുമ്പ് വീണ്ടും കടമെടുക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ബോണസും ഓണം അഡ്വാന്‍സുമെല്ലാം മുന്‍വര്‍ഷത്തെ പോലെ കൊടുക്കാന്‍ തീരുമാനിച്ചതോടെയാണ് വീണ്ടും കടമെടുക്കേണ്ടി വരുന്നത്. പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ കേരളം ആവശ്യപ്പെട്ട സഹായങ്ങളുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ മൗനം തുടരുന്നതല്ലാതെ അനുകൂല തീരുമാനം ഇതുവരെ എടുത്തിട്ടില്ല
പ്രതിസന്ധി കടുത്തു നില്‍ക്കുകയാണെങ്കിലും ബോണസ്, ഉത്സവബത്ത, അഡ്വാന്‍സ് എന്നിവയെല്ലാം കഴിഞ്ഞ വര്‍ഷത്തേതുപോലെ തന്നെ കൊടുക്കാനാണ് തീരുമാനം. 600 കോടി രൂപയാണ് ഈയിനത്തില്‍ മാത്രം വേണ്ടത്. വിപണി ഇടപെടലിനായി സപ്ലൈകോയ്ക്ക് നല്‍കാനും പണം വേണം. ഇന്നലെ തുടങ്ങിയ ക്ഷേമപെന്‍ഷന്‍ വിതരണത്തിന് അനുവദിച്ചത് 1762 കോടിയാണ്. ഓണച്ചെലവ് അവസാനിക്കുന്നതിന് തൊട്ടുപുറകെ അടുത്തമാസം ആദ്യം ശമ്പളവും പെന്‍ഷനും നല്‍കണം. കടമെടുക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ല. ഇനി കേരളത്തിന് കടമെടുക്കാന്‍ അവശേഷിക്കുന്നത് കേവലം 4000 കോടി മാത്രമാണ്. ഇതില്‍ നിന്ന് ആയിരം കോടിയെങ്കിലും അടുത്തമാസം കടമെടുക്കുന്ന കാര്യമാണ് ധനവകുപ്പ് ആലോചിക്കുന്നത്.
ട്രഷറി നീക്കിയിരിപ്പും അവശേഷിക്കുന്ന ചെലവും എല്ലാം കണക്കുകൂട്ടി നാളെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. ഓണക്കാല ചെലവിനായി കഴിഞ്ഞയാഴ്ച 1000 കോടി കടമെടുത്തിരുന്നു. ഇതേസമയം അസാധാരണ പ്രതിസന്ധി പരിഗണിച്ച് കേരളത്തിന് സ്പെഷ്യല്‍ പാക്കേജ് അനുവദിക്കണം എന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇല്ലെങ്കില്‍ വായ്പാ പരിധി ഒരു ശതമാനം വര്‍ധിപ്പിച്ചു തരണം എന്നാണ് ആവശ്യം. ഇത് അനുവദിച്ചാല്‍ 9000 കോടിയെങ്കിലും അധികമായി കിട്ടും. രണ്ടിലൊന്ന് അനുവദിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ധനവകുപ്പ്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ അനുകൂല മറുപടി നല്‍കിയിട്ടില്ല.