സ്കൂളുകളില്‍ ഭിന്നശേഷിക്കുട്ടികളെ പഠിപ്പിക്കാൻ സ്പെഷ്യല്‍ എജുക്കേറ്റർ; സുപ്രീംകോടതി വിധി നടപ്പിലാക്കാതെ കേരളം

Update: 2024-07-29 03:04 GMT

സുപ്രീംകോടതി ഉത്തരവുണ്ടായിട്ടും സ്കൂളുകളില്‍ ഭിന്നശേഷിക്കുട്ടികളെ പഠിപ്പിക്കാൻ സ്പെഷ്യല്‍ എജുക്കേറ്റർമാരെ നിയമിക്കാതെ സംസ്ഥാന സർക്കാർ.


'എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വിദ്യാഭ്യാസം' പാഠ്യപദ്ധതി സമീപനമായി പ്രഖ്യാപിച്ചിരിക്കേയാണ് ഈ അലംഭാവം.


ഉത്തർപ്രദേശിലെ ഒരു കേസ് പരിഗണിച്ച്‌ 2021 ഒക്ടോബറിലായിരുന്നു സുപ്രീംകോടതി ഇതുസംബന്ധിച്ച വിധി പുറപ്പെടുവിച്ചത്.


എല്ലാ സംസ്ഥാനങ്ങളും വിദ്യാലയങ്ങളില്‍ സ്പെഷ്യല്‍ എജുക്കേറ്റർമാരെ നിയമിക്കണമെന്നായിരുന്നു ഉത്തരവ്. നടപടി റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചു.


എന്നാല്‍, കേരളം ഇതില്‍ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല. നിയമം നടപ്പാക്കാത്തതില്‍ നിയമസഭാ സമിതിയും അതൃപ്തി പ്രകടിപ്പിച്ചിരുന്നു.


2022-23 അധ്യയനവർഷം പ്രീ പ്രൈമറിമുതല്‍ പ്ലസ്ടുവരെയുള്ള ക്ലാസുകളിലായി ഒന്നരലക്ഷത്തോളം ഭിന്നശേഷിയുള്ള കുട്ടികള്‍ ഉണ്ടായിരുന്നു. ഈവർഷം 1.60 ലക്ഷം പേരുണ്ടെന്നാണ് പ്രാഥമികവിലയിരുത്തല്‍.


നിലവില്‍ 2886 സ്പെഷ്യല്‍ എജുക്കേറ്റർമാരാണുള്ളത്. സമഗ്രശിക്ഷാ കേരളയുടെകീഴില്‍ കരാർ അടിസ്ഥാനത്തിലാണ് ഇവരുടെ നിയമനം.


സർക്കാർ സുപ്രീംകോടതിയില്‍ അറിയിച്ചതനുസരിച്ച്‌ 9300 സ്പെഷ്യല്‍ എജുക്കേറ്റർമാർവേണം. ഇന്ത്യൻ റീഹാബിലിറ്റേഷൻ കൗണ്‍സിലില്‍ രജിസ്റ്റർചെയ്ത 8249 അധ്യാപകരുണ്ടെങ്കിലും നിയമനത്തിന് നടപടിയില്ല.

Tags:    

Similar News