ആരാണ് പ്രതിപക്ഷ നേതാവെന്ന് സ്പീക്കർ; സ്പീക്കർ, പദവിക്ക് അപമാനകരമെന്ന് വി ഡി സതീശൻ, സഭയിൽ ബഹളം, പ്രതിപക്ഷം ഇറങ്ങി പോയി
നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ നക്ഷത്രചിഹ്നം ഒഴിവാക്കിയ നിയമസഭ സെക്രട്ടേറിയറ്റിന്റെയും സര്‍ക്കാരിന്റെയും നടപടിക്കെതിരെയാണ് പ്രതിഷേധം. മന്ത്രിമാര്‍ ചോദ്യത്തിന് ഉത്തരം നല്‍കാതിരിക്കാനാണ് ഇത്തരത്തില്‍ നടപടിയെങ്കില്‍ പ്രതിപക്ഷം ചോദ്യം ചോദിക്കില്ലെന്ന് തീരുമാനിക്കേണ്ടി വരും. സ്പീക്കറുടെ മുന്‍കാല റൂളിങ്ങുകള്‍ ലംഘിച്ചു കൊണ്ടുള്ളതാണ് നടപടിയെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.
എന്നാല്‍ ഇതില്‍ യാതൊരു വിധത്തിലുള്ള വിവേചനവും ചെയര്‍ കാണിച്ചിട്ടില്ലെന്ന് സ്പീക്കര്‍ അറിയിച്ചു. ഭരണപക്ഷ എംഎല്‍എമാര്‍ സമര്‍പ്പിക്കുന്ന നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങള്‍ ചട്ടം 36 (2) പ്രകാരം നക്ഷത്ര ചിഹ്നമിടാത്ത ചോദ്യമാക്കി മാറ്റിയിട്ടുണ്ട്. പ്രതിപക്ഷ നേതാവിന്റെ പരാതിയില്‍ ഉന്നയിച്ചിട്ടുള്ള പരാതിയില്‍ നോട്ടീസുകളുടെയും അഭ്യൂഹങ്ങളുടെയും അടിസ്ഥാനത്തിലും, തദ്ദേശീയ പരിഗണന മാത്രമുള്ളത് പരിഗണിച്ചാണ് നക്ഷത്ര ചിഹ്നം ഒഴിവാക്കിയിട്ടുള്ളത്. ഇതില്‍ മനപൂര്‍വമായ ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും സ്പീക്കര്‍ പറഞ്ഞു.
എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് പ്രതിപക്ഷ നേതാവ് സഭയില്‍ ഉന്നയിച്ചു. സര്‍ക്കാരിന്റെ കൊള്ളരുതായ്മകള്‍ക്ക് സ്പീക്കര്‍ കൂട്ടുനില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. മടിയിലെ കനമാണ് പ്രശ്‌നമെന്ന് പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു. പ്രതിപക്ഷ നേതാവ് സ്പീക്കറെ അപമാനിച്ചുവെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നിലവാരമില്ലാത്ത പ്രതിപക്ഷ നേതാവാണെന്ന് സതീശന്‍ തെളിയിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു ചോദ്യവും വെട്ടിയിട്ടില്ലെന്നും, ഒരു ചോദ്യത്തിനും ഉത്തരം മറച്ചു വെക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദുരിതാശ്വാസ നിധി ഫണ്ട് വിനിയോഗം സംബന്ധിച്ച ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകി. സഭയിൽ ബഹളവും മുഖ്യമന്ത്രിയുടെ മറുപടിയും തുടരുന്നു. ദുരിതാശ്വാസ നിധി വിനിയോഗത്തിന് കൃത്യമായ ചട്ടങ്ങളും വ്യവസ്ഥകളും ഉണ്ടെന്നും സുതാര്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്പീക്കർ ഡയസിന് മുന്നിൽ പ്രതിപക്ഷം പ്രതിഷേധിച്ചു. സർക്കാരിന് ഒരു ചോദ്യത്തിനും ഉത്തരം മറച്ച് വക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി ഇതിനിടെ പ്രതികരിച്ചു. ഒരു ഫയലും മുഖ്യമന്ത്രിയുടെ ഓഫീസ് കാണാതെ പോകില്ല. സ്പീക്കർക്കെതിരെ ഇത്തരം പ്രതിഷേധം ശരിയോ എന്ന് പ്രതിപക്ഷം ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധം ശരിയല്ലെന്നും സീറ്റിലിരുന്നാൽ മാത്രമേ മൈക് ഓൺ ചെയ്യൂവെന്നും പ്രതിഷേധിച്ച പ്രതിപക്ഷ നിരയോട് സ്പീക്കർ പറഞ്ഞു. കൂടിനിന്ന പ്രതിപക്ഷ അംഗങ്ങളോട് നിങ്ങളിലാരാണ് പ്രതിപക്ഷ നേതാവെന്നും സ്പീക്കർ ചോദിച്ചു. ഇതിൽ പ്രതിഷേധിച്ച വിഡി സതീശൻ സ്പീക്കറുടേത് അപക്വമായ നിലപാടെന്നും കുറ്റപ്പെടുത്തി. കസേരയിലിരുന്ന് ചോദിക്കാൻ പാടില്ലാത്ത ചോദ്യമെന്ന് കുറ്റപ്പെടുത്തിയ പ്രതിപക്ഷ നേതാവ് സ്പീക്കർ പദവിക്ക് അപമാനമാണെന്നും ചോദ്യോത്തര വേള ബഹിഷ്കരിക്കുകയാണ് പ്രതിപക്ഷമെന്നും പറഞ്ഞു. സഭയിൽ എഡിജിപി വിഷയം ചോദിച്ച പ്രതിപക്ഷ നേതാവിന്റെ മൈക് സ്പീക്കർ ഓഫ് ചെയ്തതാണ് പ്രതിപക്ഷ പ്രതിഷേധത്തിന് കാരണമായത്. ഭയമാണ് ഭയമാണ് ഭരണപക്ഷത്തിനെന്ന മുദ്രാവാക്യം വിളികളുമായാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങി പോയി.