വയനാട്ടിൽ വന്യജീവികള്‍ നിമിത്തമുണ്ടാകുന്ന കൃഷി നാശം തടയാന്‍ കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ സമഗ്രമായ കര്‍മ്മ പദ്ധതി ഒരുങ്ങുന്നു. വനം വകുപ്പുമായി സഹകരിച്ചാണ് ജില്ലയില്‍ പദ്ധതി നടപ്പിലാക്കുക. കൃഷി വകുപ്പ് ആദ്യമായാണ് ജില്ലയില്‍ മനുഷ്യ വന്യജീവി സംഘര്‍ഷ ലഘൂകരണവുമായി ബന്ധപ്പെട്ട് പദ്ധതി നടപ്പാക്കുന്നത്. രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2023 - 2024 സാമ്പത്തിക വര്‍ഷത്തില്‍ 3 കോടി 88 ലക്ഷം രൂപയിലാണ് പദ്ധതി നടപ്പിലാക്കുക.
ഇതില്‍ 60 ശതമാനം കേന്ദ്ര ഫണ്ടും 40 ശതമാനം സംസ്ഥാന ഫണ്ടുമാണ്. പദ്ധതിയിലൂടെ 130 കിലോമീറ്റര്‍ നീളത്തില്‍ സോളാര്‍ ഫെന്‍സിംഗ് / ഹാംഗിംഗ് ഫെന്‍സിംഗ് പോലുള്ള വന്യമൃഗ ശല്യം നിയന്ത്രിക്കുന്നതിനനുയോജ്യമായ പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കും. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍മാര്‍ക്കാണ് പദ്ധതിയുടെ നിര്‍വഹണ ചുമതല.