അർജുന്റെ മൃതദേഹം നാളെ വീട്ടുകാർക്കു വിട്ടുനൽകും; അസ്ഥി ഡിഎൻഎ പരിശോധനയ്ക്ക് അയച്ചു, ലോറി പൊളിച്ച് പരിശോധിക്കും

Update: 2024-09-26 03:33 GMT

ഷിരൂരിൽ ഗംഗാവലിപ്പുഴയിൽ നിന്ന് കണ്ടെത്തിയ അർജുന്റെ ലോറി ഇന്ന് പൊളിച്ച് പരിശോധിക്കും. ലോറിയുടെ ക്യാബിനിൽ ബാക്കിയുള്ള മൃതദേഹാവശിഷ്ടങ്ങൾ ഉൾപ്പെടെ ശേഖരിക്കുന്നതിന് വേണ്ടിയാണ് ഇത്. കഴിഞ്ഞ ദിവസം ലോറിയിൽ നിന്ന് മൃതദേഹാവശിഷ്ടങ്ങളുടെ 75 ശതമാനമാണ് പുറത്തെടുത്തത് എന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയ്ൽ അറിയിച്ചിരുന്നു.

അർജുന്റെ മൃതദേഹം ഡിഎൻഎ സാംപിൾ എടുത്തശേഷം നാളെ കുടുംബാംഗങ്ങൾക്കു വിട്ടുനൽകും. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. കർവാർ ആശുപത്രിയിലാണു മൃതദേഹമുള്ളത്. ഡിഎൻഎ ഫലം രണ്ടു ദിവസത്തിനകം ലഭിക്കും. ഡിഎൻഎ പരിശോധന നടത്തണമെന്ന് അർജുന്റെ കുടുംബവും ആവശ്യപ്പെട്ടിരുന്നു. അർജുന്റെ അസ്ഥിയുടെ ഒരു ഭാഗമെടുത്ത് മംഗളൂരു എഫ്എസ്എൽ ലാബിലേക്ക് അയച്ചു. മൃതദേഹഭാഗം കോഴിക്കോട്ടെ വീട്ടിലെത്തിക്കാനുള്ള ഉത്തരവാദിത്തം കേരള സർക്കാർ ഏറ്റെടുക്കും.

ഡിഎൻഎ പരിശോധനാ ഫലം വന്നശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകുമെന്നു ജില്ലാ കലക്ടർ ലക്ഷ്മി പ്രിയ അറിയിച്ചു. ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കർണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥൻ എന്നിവർക്കായി ഇന്നും തിരച്ചിൽ തുടരും. അർജുൻ ഓടിച്ചിരുന്ന ലോറി ഇന്നു പൂർണമായും കരയിലേക്കു കയറ്റും. ക്രെയിനിലെ വടം പൊട്ടിയതോടെയാണ് ഇന്നലെ ദൗത്യം അവസാനിപ്പിച്ചത്. ലോറിയുടെ കാബിനിൽ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.

72 ദിവസത്തെ കാത്തിരിപ്പിനും സംശയങ്ങൾക്കും വിരാമമിട്ട് ബുധനാഴ്ച വൈകിട്ടോടെയാണു ഗംഗാവലി പുഴയിൽനിന്ന് അർജുന്റെ മൃതദേഹവും ലോറിയും ലഭിച്ചത്. ജൂലൈ 16ന് ദേശീയപാത 66ൽ മംഗളൂരു-ഗോവ റൂട്ടിലുണ്ടായ മണ്ണിടിച്ചിലിലാണ് അർജുനെ കാണാതായത്. മണ്ണിടിച്ചിലുണ്ടായ ആദ്യ ദിവസങ്ങളിലെല്ലാം ഷിരൂർ കുന്നിലും മണ്ണിടിഞ്ഞു വീണ ദേശീയപാതയിലുമായിരുന്നു തിരച്ചിൽ. എട്ടാം ദിവസമാണ് പുഴയിലേക്ക് കേന്ദ്രീകരിച്ചത്. ഈശ്വർ മൽപെയുടെ നേതൃത്വത്തിലുള്ള മുങ്ങൽ വിദഗ്ധരും പരിശോധനയ്ക്കിറങ്ങി. ഒരു കോടിയോളം രൂപ ചെലവഴിച്ച് കർണാടക സർക്കാർ ഗോവയിൽ നിന്നെത്തിച്ച ഡ്രജർ ഉപയോഗിച്ചുള്ള തിരച്ചിലിലാണു ലോറി പൊക്കിയെടുത്തത്.

Tags:    

Similar News