ഷിരൂരിൽ തെരച്ചിലിൽ ‍നടത്താനുള്ള ഡ്രഡ്ജര്‍ എത്തിക്കാൻ വൈകും; കടലിൽ കാറ്റ് ശക്തം

Update: 2024-09-18 04:28 GMT

ഷിരൂരിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനും മറ്റ് രണ്ട് പേർക്കും വേണ്ടിയുള്ള തെരച്ചിൽ നടത്താനുള്ള ഡ്രഡ്ജർ കാർവാർ തുറമുഖത്ത് എത്തിക്കാൻ വൈകും. കടലിൽ കാറ്റ് ശക്തമായതിനാൽ പതുക്കെ മാത്രമേ ടഗ് ബോട്ടിന് സഞ്ചരിക്കാൻ കഴിയുന്നുള്ളൂ. ഇന്ന് ഉച്ചയോടെയോ വൈകിട്ടോടെയോ മാത്രമേ ബോട്ട് കാർവാർ തീരത്ത് എത്തിക്കാൻ കഴിയൂ എന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇന്ന് കർവാർ കളക്ടറേറ്റിൽ നടക്കുന്ന യോഗത്തിൽ എപ്പോൾ ടഗ് ബോട്ട് ഷിരൂരിലേക്ക് കൊണ്ട് പോകും എന്നതിൽ അന്തിമ തീരുമാനമുണ്ടാകും.

ഡ്രഡ്ജറുമായുള്ള ടഗ് ബോട്ട് ഗോവയിൽ നിന്നണ് പുറപ്പെട്ടത്. ഇന്നലെ പുലര്‍ച്ചെ അഞ്ചിനാണ് ഡ്രഡ്ജര്‍ ഉള്ള ടഗ് ബോട്ട് കാര്‍വാറിലേക്ക് പുറപ്പെട്ടത്. ഡ്രഡ്ജര്‍ എത്തിച്ച് പുഴയിലെ മണ്ണ് നീക്കം ചെയ്തുകൊണ്ടായിരിക്കും തെരച്ചില്‍ വീണ്ടും പുനരാരംഭിക്കുക. ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ, എസ്പി എം നാരായണ, സ്ഥലം എംഎൽഎ സതീഷ് സെയിൽ, ഡ്രഡ്ജർ കമ്പനി അധികൃതർ എന്നിവർ പങ്കെടുക്കുന്ന യോഗത്തിൽ തെരച്ചിൽ എപ്പോൾ തുടങ്ങുമെന്ന് തീരുമാനിക്കും. നാവികസേനയുടെയും ഈശ്വർ മൽപെ അടക്കമുള്ള പ്രാദേശിക മത്സ്യത്തൊഴിലാളികളുടെയും സഹായം തേടുന്നതിൽ യോഗത്തിൽ തീരുമാനമുണ്ടാകും.

ഷിരൂരിലെ നാലുവരി പാതയിൽ ഒരു ഭാഗത്തെ ഗതാഗതം മാത്രമേ പുനസ്ഥാപിച്ചിട്ടുള്ളൂ. റോഡിലേക്ക് വീണ മണ്ണ് നീക്കുന്നത് അടക്കമുള്ളത് ഇനിയും ചെയ്യാനുണ്ട്. പലയിടത്തും വെള്ളം കുത്തിയൊലിച്ച് വരുന്നത് പ്രതിസന്ധിയാണ്. അതേസമയം ഗംഗാവലി പുഴയിലെ ഒഴുക്ക് പ്രത്യക്ഷത്തിൽ കുറഞ്ഞിട്ടുണ്ട്. ടഗ് ബോട്ടിന് കേടുപാട് വരാതെ ഡ്രഡ്ജർ മെഷീൻ കൊണ്ടുവരാനാണ് ശ്രമം. അതിനായുള്ള ഹൈഡ്രോ ഗ്രാഫിക് സർവ്വെ (സഞ്ചാര പാത) തയ്യാറാക്കിയിട്ടുണ്ട്. 

Tags:    

Similar News