ആലപ്പുഴയിലെ എസ്ഡിപിഐ നേതാവ് ഷാൻ വധക്കേസില്‍ ഹൈക്കോടതി ജാമ്യം റദ്ദാക്കിയ പ്രതികൾ അറസ്റ്റിൽ. രണ്ട് മുതൽ ആറ് വരെയുള്ള പ്രതികളായ വിഷ്ണു, അഭിമന്യു, സാനന്ദ്, അതുൽ, ധനീഷ് എന്നിവരാണ് അറസ്റ്റിലായത്. തമിഴ്നാട്ടിലെ പഴനിയിൽ നിന്നാണ് ഇവർ പിടിയിലായത്. ജാമ്യം റദ്ദാക്കിയതിനെ തുടർന്ന് ഇവർ ഒളിവിൽ പോയിരുന്നു. പിന്നാലെ ഇവർക്കെതിരെ ആലപ്പുഴ ജില്ലാ സെഷൻസ് കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
എസ്ഡിപിഐ മുൻ സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. കെ എസ് ഷാനിനെ ബിജെപി, ആർഎസ്എസ് പ്രവർത്തകർ ചേർന്ന് കൊലപ്പെടുത്തിയെന്നാണ് പ്രെസിക്യൂഷൻ കേസ്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ എസ് ഷാന്‍ 2021 ഡിസംബര്‍ 18ന് രാത്രിയാണ് കൊല്ലപ്പെട്ടത്. ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരായ 11 പേരാണ് കേസിലെ പ്രതികള്‍.
തൊണ്ണൂറ് ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും പ്രതികള്‍ക്ക് ജാമ്യം ലഭിക്കുകയായിരുന്നു. പിന്നാലെ ജാമ്യം അനുവദിച്ചത് ചട്ട വിരുദ്ധമാണെന്നും കേസ് കൈകാര്യം ചെയ്തിരുന്ന അഭിഭാഷകര്‍ക്ക് വീഴ്ച്ച ഉണ്ടായെന്നും പബ്ലിക് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ വാദിച്ചു. പിന്നാലെ ഹൈക്കോടതി പ്രതികളുടെ റദ്ദാക്കുകയായിരുന്നു.
2021 ഫെബ്രുവരിയില്‍ വയലാറില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ നന്ദുവിനെ എസ്ഡിപിഐ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വെട്ടി കൊന്നിരുന്നു. ഇതിന്റെ പ്രതികാരമായിട്ടാണ് ഡിസംബറില്‍ ഷാനിനെ കൊന്നതെന്നാണ് പൊലീസ് കണ്ടെത്തല്‍.