മുഖ്യമന്ത്രിയുടെ മകൾക്കെതിരായ എസ്എഫ്ഐഒ അന്വേഷണം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യം, സ്പീക്കര്‍ അനുമതി നിഷേധിച്ചു; സഭാ നടപടികള്‍ ബഹിഷ്കരിച്ച് പ്രതിപക്ഷം

Update: 2024-02-02 06:07 GMT

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരായ എസ്എഫ്ഐഒ അന്വേഷണം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതോടെ സബയുടെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധിക്കുകയും സഭാ നടപടികള്‍ ബഹിഷ്കരിച്ച് വാക്കൗട്ട് നടത്തുകയും ചെയ്തു. നിയമസഭയില്‍ ചോദ്യോത്തര വേള തുടങ്ങിയതിന് പിന്നാലെയായിരുന്നു അടിയന്തര പ്രമേയം കൊണ്ടുവന്നത്.


അടിയന്തര പ്രമേയത്തിന്‍റെ നോട്ടീസിനുപോലും അനുമതി നല്‍കാത്ത അസാധാരണ നടപടിയാണുണ്ടായതെന്നാണ് പ്രതിപക്ഷം ആരോപിച്ചത്. കൂടാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന ആവശ്യവും പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചു. മാത്യു കുഴല്‍നാടൻ എംഎല്‍എയാണ് അടിയന്തര പ്രമേയ നോട്ടീസ് കൊണ്ടുവന്നത്. സഭയ്ക്ക് പുറത്ത് പ്ലക്കാര്‍ഡുകളും ബാനറുകളുമേന്തി പ്രതിപക്ഷാംഗങ്ങള്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തന്റെ കൈകൾ ശുദ്ധം ആണെന്നും മകൾക്കെതിരായ കണ്ടെത്തലുകൾ ആരോപണങ്ങൾ മാത്രമാണെന്നും മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിരുന്നു.

Tags:    

Similar News