മാരാമണ്‍ കണ്‍വെന്‍ഷനിൽ നിന്ന് സതീശനെ ഒഴിവാക്കി; വിവാദത്തെക്കുറിച്ച് അറിയില്ല, ആരെയും ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്ന് സഭാ നേതൃത്വം
മാരാമൺ കൺവെൻഷനിൽ നിന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ഒഴിവാക്കി. നേരത്തെ ക്ഷണിച്ചെങ്കിലും മാർത്തോമാ സഭയിലെ രാഷ്ട്രീയ ഭിന്നതയെ തുടർന്ന് ആണ് ഒഴിവാക്കിയത്.
എന്നാൽ, ആരെയും ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്നും വിവാദത്തെക്കുറിച്ച് അറിയില്ലെന്നും സഭാ നേതൃത്വം അറിയിച്ചു.മാരാമൺ കൺവെൻഷന്‍റെ ഭാഗമായുള്ള പ്രധാന പരിപാടിയായ യുവവേദിലേക്ക് ആണ് പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചിരുന്നത്.
ഫെബ്രുവരി 15 തീയതിയിലേക്ക് സതീശന്‍റെ ഓഫീസ് സമയവും നൽകി. എന്നാൽ, കഴിഞ്ഞദിവസം മാർത്തോമാ സഭ അധ്യക്ഷൻ അംഗീകരിച്ച ക്ഷണിതാക്കളുടെ പട്ടികയിൽ വി.ഡി. സതീശൻ ഇല്ല. സഭയ്ക്കുള്ളിൽ കോൺഗ്രസ് - സിപിഎം തർക്കമാണ് ഒഴിവാക്കലിന് പിന്നിൽ. യുവവേദി പരിപാടിയിൽ പങ്കെടുക്കേണ്ടവരുടെ പ്രാഥമിക പട്ടിക കോൺഗ്രസ് അനുകൂലികളായ യുവജന വിഭാഗം നേതാക്കൾ ചേർന്ന് തയ്യാറാക്കി.
അന്തിമ അനുമതി കിട്ടാൻ മെത്രാപ്പോലീത്തക്ക് സമർപ്പിക്കുകയാണ് കീഴ് വഴക്കം. എന്നാൽ, അതിനിടയിൽ ഓൺലൈൻ മാധ്യമങ്ങളിൽ ഉൾപ്പെടെ മാരാമൻ കൺവെൻഷനിലേക്ക് പ്രതിപക്ഷ നേതാവ് എത്തുന്നു എന്നത് വാർത്തയായി. മാർത്തോമാ സഭ വി. ഡി സതീശനുമായി കൂടുതൽ അടുക്കുന്നു എന്ന തരത്തിൽ ചർച്ചകളും സജീവമായി. ഇതോടെ സഭയിലെ സിപിഎം അനുകൂലികൾ ഇടഞ്ഞു. പ്രതിപക്ഷ നേതാവിനെ വിളിക്കുകയാണെങ്കിൽ എം. സ്വരാജ് ഉൾപ്പെടെ സിപിഎം നേതാക്കളെയും യുവ വേദിയിലേക്ക് ക്ഷണിക്കണമെന്ന ആവശ്യം അവർ ശക്തമാക്കി.
സഭയ്ക്കുള്ളിലെ ആലോചന യോഗങ്ങളിൽ പോലും രൂക്ഷമായ തർക്കമായി. ഇതോടെ സമ്മർദ്ദത്തിൽ ആയ മെത്രാപ്പോലീത്ത വി.ഡി സതീശൻ ഉൾപ്പെട്ട പട്ടിക അപ്പാടെ റദ്ദാക്കി. മറ്റ് സാംസ്കാരിക പ്രവർത്തകരെ ഉൾപ്പെടുത്തി പുതിയ പാനൽ തയ്യാറാക്കി വേഗം അംഗീകാരം നൽകി. രാഷ്ട്രീയ വിവാദത്തിലേക്ക് സഭയെ വലിച്ചിഴച്ചതിൽ തിയോടോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്ത കടുത്ത അതൃപ്തിയിൽ ആണ്. ഫെബ്രുവരി 9 മുതൽ 16 വരെയാണ് ചരിത്ര പ്രസിദ്ധമായ മാരാമൺ കൺവെൻഷൻ.