ബാര്‍ കോഴ വിഷയം; ടൂറിസം വകുപ്പിനെതിരേ വിമര്‍ശനം കടുപ്പിച്ച് പ്രതിപക്ഷ നേതാവ്

Update: 2024-05-27 07:29 GMT

ടൂറിസം വകുപ്പ് എക്സൈസ് വകുപ്പിനെ ഹൈജാക്ക് ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ബാര്‍ കോഴ വിഷയത്തില്‍ ടൂറിസം വകുപ്പിനെതിരേ വിമര്‍ശനം കടുപ്പിക്കുകയാണ് സതീശന്‍. ബാറുകളുടെ എണ്ണം കൂടിയിട്ടും ടേണോവര്‍ ടാക്‌സ് കുറയുകയാണ്. ഒരു തരത്തിലുള്ള പരിശോധനയും നടക്കുന്നില്ല. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ് ഇതിനെല്ലാം കാരണമെന്നും സതീശൻ ചൂണ്ടിക്കാട്ടി.

‘‘മേയ് 21ന് ടൂറിസം വകുപ്പ് യോഗം ചേര്‍ന്ന് മദ്യനയത്തില്‍ ഭേദഗതി വരുത്തണമെന്ന് തീരുമാനമെടുത്തു. അതിന്റെ ഭാഗമായാണ് എറണാകുളത്ത് ബാര്‍ ഉടമകള്‍ കമ്മിറ്റി കൂടി പണപ്പിരിവ് നടത്താന്‍ തീരുമാനിച്ചത്. പണം കിട്ടിയില്ലെങ്കില്‍ ഒന്നും നടക്കില്ലെന്ന് ശബ്ദരേഖയില്‍ കൃത്യമായി പറയുന്നുണ്ട്. ഇങ്ങനെയൊരു ആലോചനയേ നടന്നിട്ടില്ലെന്നാണ് രണ്ടു മന്ത്രിമാരും പറയുന്നത്. ടൂറിസം ഡയറക്ടറുടെ വിശദീകരണം മന്ത്രിയുടെ ഓഫിസില്‍നിന്നാണ് ഇറക്കിയിരിക്കുന്നത്. എന്നാല്‍ പിന്നെ മന്ത്രിയുടെ വിശദീകരണമായി ഇറക്കിയാല്‍ പോരേ?

‘‘ടൂറിസം വകുപ്പ് വിളിച്ച യോഗത്തില്‍ നിരവധി വിഷയങ്ങള്‍ ചര്‍ച്ചയായെന്നാണു പറയുന്നത്. എന്നാല്‍ അതിലെ പ്രധാന വിഷയമായി പറഞ്ഞിരുന്നത് മദ്യനയത്തിലെ മാറ്റമാണ്. അബ്കാരി പോളിസി റിവ്യൂ ചെയ്യേണ്ട ജോലി ടൂറിസം വകുപ്പിന്റേതാണോ? എന്തൊരു ഭരണമാണ് ഇവിടെ നടക്കുന്നത്. ടൂറിസം വകുപ്പ് അനധികൃതമായി ഇടപെട്ടു. മന്ത്രിമാര്‍ പറഞ്ഞ പച്ചക്കള്ളം പൊളിഞ്ഞപ്പോള്‍ ഉദ്യോഗസ്ഥന്മാരെക്കൊണ്ടു നുണ പറയിക്കുകയാണ്.

‘‘ചീഫ് സെക്രട്ടറിയുടെ യോഗത്തില്‍ മദ്യനയ മാറ്റം സംബന്ധിച്ച് ടൂറിസം വകുപ്പിനോട് റിപ്പോര്‍ട്ട് തേടുകയാണ്. എക്‌സൈസ് വകുപ്പിനെ ടൂറിസം വകുപ്പ് ഹൈജാക്ക് ചെയ്യുകയാണ്. ബാറുകളുടെ എണ്ണം കൂടിയിട്ടും ടേണോവര്‍ ടാക്‌സ് കുറയുകയാണ്. ഒരു തരത്തിലുള്ള പരിശോധനയും നടക്കുന്നില്ല. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ് ഇതിനു കാരണം’’ - സതീശന്‍ പറഞ്ഞു.

Tags:    

Similar News