സമരാഗ്നി യാത്രയ്ക്ക് തിരുവനന്തപുരത്ത് സമാപനം; മോദിക്കെതിരായ യുദ്ധമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

Update: 2024-02-29 14:44 GMT

കെപിസിസിയുടെ സമരാഗ്നി യാത്ര സമാപന സമ്മേളനത്തിൽ കേരള സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും ഒരു പോലെ വിമര്‍ശനം. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും രാജസ്ഥാനിൽ നിന്നുള്ള കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റും രൂക്ഷമായ ഭാഷയിലാണ് ഇരു സര്‍ക്കാരുകളെയും വിമര്‍ശിച്ചത്. തെലങ്കാനയിലെ മുൻ ബിആർഎസ് സർക്കാരും കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാരും തമ്മിൽ വ്യത്യാസമില്ലെന്ന് രേവന്ത് റെഡ്ഡി പറഞ്ഞപ്പോൾ, കേരളത്തിലെ സർക്കാർ അഴിമതിയിൽ മുങ്ങി നിൽക്കുന്നുവെന്നായിരുന്നു സച്ചിൻ പൈലറ്റിന്റെ വിമര്‍ശനം.

കേരളത്തിലെ കോൺഗ്രസ്‌ എംപിമാർ മോദി സർക്കാരിനെതിരെ നിലകൊള്ളുന്നവരാണെന്ന് രേവന്ത് റെഡ്ഡി പറഞ്ഞു. കേരളത്തിൽ മോദിയെയും ബിജെപിയെയും എത്തിക്കാതിരിക്കാൻ ശ്രമിക്കുന്ന പ്രവർത്തകരാണ് ഉള്ളത്. എൻഡിഎ എന്നാൽ വിഭജനമെന്നാണ് അര്‍ത്ഥം. ഇത്തവണ കേരളത്തിൽ കഠിനപ്രയത്നം ചെയ്താൽ 20 സീറ്റും നേടാൻ കോൺഗ്രസിന് സാധിക്കും. രാജ്യത്ത് കോൺഗ്രസ്‌ സർക്കാർ വന്നില്ലെങ്കിൽ മണിപ്പൂർ വീണ്ടും ആവർത്തിക്കും. നരേന്ദ്രമോദിക്കെതിരെ പോരാടാൻ രാഹുൽഗാന്ധിയുടെ കരങ്ങൾക്ക് ശക്തി പകരണം. രാജ്യത്തിനു വേണ്ടി രക്തസാക്ഷികളായി ആരെങ്കിലും ബിജെപിയിൽ ഉണ്ടോയെന്ന് ചോദിച്ച അദ്ദേഹം ഇത് മോദിക്കെതിരായ യുദ്ധമാണെന്നും പറഞ്ഞു.

നരേന്ദ്ര മോദി ഭരണത്തിൽ സമ്പന്നർ സമ്പന്നരായും ദാരിദ്രരർ ദാരിദ്രരായും തുടരുന്നുവെന്നായിരുന്നു സച്ചിൻ പൈലറ്റിന്റെ വിമര്‍ശനം. കേരളത്തിലെ സർക്കാർ അഴിമതിയിൽ മുങ്ങി നിൽക്കുകയാണ്. രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യത ബി ജെ പി തകർത്തു. 70 വർഷം കൊണ്ട് കോൺഗ്രസ് കെട്ടിപ്പടുത്ത സ്ഥാപനങ്ങൾ ആണ് ഇത്. അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്ത് പ്രതിപക്ഷ നേതാക്കളെ ഉപദ്രവിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. കോൺഗ്രസ്‌ ശക്തമായി തിരിച്ചു വരുമെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു.

Tags:    

Similar News