'രണ്ട് കൊല്ലം മുമ്പ് രാജിവെച്ചതാണ്, കോൺഗ്രസ് ആരാ ചോദിക്കാൻ?'; എ.വി. ഗോപിനാഥ്

Update: 2023-12-05 09:10 GMT

2021 ഓഗസ്റ്റ് 30-ന് കോൺഗ്രസിന്റെ പ്രാഥമിക അംഗത്വം രാജിവെച്ചതാണെന്ന് പാലക്കാട് ഡി.സി.സി. മുൻ പ്രസിഡന്റ് എ.വി. ഗോപിനാഥ്. കോൺഗ്രസിലേക്ക് തിരിച്ചുവരാൻ പല നേതാക്കളും പല തവണ ആവശ്യപ്പെട്ടപ്പോൾ വരില്ല എന്ന് തീർത്തു പറഞ്ഞു. രണ്ടുവർഷം മുമ്പ് കോൺ അംഗത്വം രാജിവെച്ച ആളെ എങ്ങനെ പുറത്താക്കിയെന്ന് കോൺഗ്രസ് നേതാക്കളോട് ചോദിക്കേണ്ടി വരും. ഇത്തരമൊരു നടപടി അപൂർവങ്ങളിൽ അപൂർവമാണ്. ഇങ്ങനെയെങ്കിൽ കുറച്ചുകഴിഞ്ഞാൽ കെ.പി.സി.സി. പ്രസിഡന്റ് മുഖ്യമന്ത്രിയെ വരെ സസ്പെൻഡ് ചെയ്യുമെന്നും ഗോപിനാഥ് പരിഹസിച്ചു.

അംഗത്വം രാജിവെച്ച ആൾ സംഘടനാവിരുദ്ധ പ്രവർത്തനം നടത്തിയെന്ന് പറയുന്നതിന്റെ അർഥമെന്താണെന്നും പെരിങ്ങോട്ടുകുറിശ്ശിയിൽ അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഞാൻ ആ പാർട്ടിക്കാരനല്ലല്ലോ, ഞാൻ അനുഭാവി മാത്രമാണ്. ലക്ഷക്കണക്കിന് പാർട്ടി അനുഭാവികളില്ലേ. എനിക്ക് തോന്നിയത് ഞാൻ ചെയ്യും. കോൺഗ്രസ് ആരാ ചോദിക്കാൻ. കോൺഗ്രസിൽനിന്ന് രാജിവെക്കാനേ എനിക്ക് കഴിയൂ. സ്വീകരിക്കാൻ പറയാൻ എനിക്ക് പറ്റില്ലല്ലോ. നവകേരള സദസ്സിൽ ഞാൻ പങ്കെടുത്തതാണോ കാരണം, പങ്കെടുക്കുമെന്ന് 20 ദിവസം മുമ്പേ പറഞ്ഞതല്ലേ. അന്നൊന്നും നടപടിയെടുത്തില്ലല്ലോ. പെരുങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത് സദസ്സിന് പണം കൊടുത്തില്ലേ, അതിന് നടപടിയുണ്ടായില്ല. ഞാൻ പാർട്ടിമെമ്പറല്ലാത്തതുകൊണ്ടല്ലേ നടപടിയെടുക്കാത്തത്- ഗോപിനാഥ് ചോദിച്ചു. പാർട്ടി വിലക്ക് ലംഘിച്ച് പാലക്കാട്ട് നവകേരള സദസ്സിൽ പങ്കെടുത്തതിനാണ് ഗോപിനാഥിനെ കോൺഗ്രസ് സസ്പെൻഡ് ചെയ്തത്

Tags:    

Similar News