ചട്ടം മറികടന്ന് ശിക്ഷായിളവ്; ടി.പി. വധക്കേസിലെ പ്രതികളടക്കം കണ്ണൂരിൽ തയ്യാറാക്കിയത് 56 പേരുടെ പട്ടിക
ശിക്ഷയിളവിനു മുന്നോടിയായി ജയിൽ സൂപ്രണ്ട് പോലീസിനു കത്തുനൽകിയത് 56 പ്രതികളെക്കുറിച്ചുള്ള റിപ്പോർട്ടാവശ്യപ്പെട്ട്. കേന്ദ്രസർക്കാരിന്റെ ആസാദി കാ അമൃത് പദ്ധതിയുടെ ഭാഗമായി തടവുകാർക്ക് പ്രത്യേകയിളവ് അനുവദിക്കാൻ നിർദേശമുണ്ടായിരുന്നു. ഇതുപ്രകാരമാണ് കണ്ണൂരിൽ 56 പേരുടെ പട്ടിക തയ്യാറാക്കിയത്. ഇക്കൂട്ടത്തിലാണ് 20 വർഷം തടവിനുശിക്ഷിക്കപ്പെട്ട ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ നാല്, അഞ്ച്, ആറ് പ്രതികളും ഉൾപ്പെട്ടത്.
പ്രതികളുടെ സ്വഭാവചരിത്രം, പുറത്തിറങ്ങിയാൽ ക്രമസമാധാനപ്രശ്നങ്ങളുണ്ടാവുമോ തുടങ്ങിയ കാര്യങ്ങളൊക്കെയാണ് റിപ്പോർട്ടിൽ നൽകേണ്ടത്. ടി.പി. കേസ് പ്രതികൾ പട്ടികയിൽ ഉൾപ്പെട്ടത് സൂപ്രണ്ടിനുപറ്റിയ പിശകാണെന്ന് സംഭവം വിവാദമായപ്പോൾ വിശദീകരിച്ച ജയിൽ വകുപ്പ് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ എം.കെ. വിനോദ് കുമാർ, സെൻട്രൽ ജയിലിൽനിന്നു ലഭിച്ച പുതുക്കിയ പട്ടികയിൽ ഈ പേരുകളില്ലെന്നും പറഞ്ഞു.
'ടി.പി. കേസിലെ പ്രതികൾക്ക് 20 വർഷത്തേക്ക് ഇളവുനൽകരുെതന്ന് ഹൈക്കോടതി വിധിയിൽ പറഞ്ഞിട്ടുണ്ട്. ജയിലുകളിൽനിന്നും ഇളവിനായിനൽകുന്ന തടവുകാരുടെ പട്ടിക വിദഗ്ധസമിതി പരിശോധിക്കും. തുടർന്നുമാത്രമേ പരിഗണിക്കാറുള്ളൂ.' റെമിഷൻ എന്നത് ഇളവുമാത്രമാണ്. തടവുശിക്ഷയിൽനിന്ന് വിട്ടയക്കലല്ലെന്നും പത്രക്കുറിപ്പിൽ പറഞ്ഞു.
ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ മൂന്നുപ്രതികൾക്ക് ശിക്ഷാ ഇളവ് നൽകുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ ഭാഗമായി പോലീസ് ടി.പി.യുടെ ഭാര്യ കെ.കെ.രമ എം.എൽ.എ.യുടെ പ്രതികരണം തേടി. ശിക്ഷാഇളവ് നൽകുമ്പോൾ കുറ്റകൃത്യത്തിന് ഇരയായവരിൽനിന്നോ അവരുടെ ബന്ധുക്കളിൽനിന്നോ പ്രതികരണം തേടണമെന്ന് നിർദേശമുണ്ട്. ഇതുപ്രകാരമാണ് പാനൂർ, ചൊക്ലി എസ്.ഐ.മാർ ശനിയാഴ്ച വൈകീട്ട് വടകരയിലെ എം.എൽ.എ. ഓഫീസിലെത്തി രമയുടെ പ്രതികരണം ശേഖരിച്ചത്. ശിക്ഷയിൽ ഇളവ് നൽകുന്നതിൽ രമ ശക്തമായ എതിർപ്പ് അറിയിച്ചു.
ശിക്ഷയിളവ് നൽകാനുള്ള നീക്കം കോടതിയോടും പൊതുസമൂഹത്തോടുമുള്ള വെല്ലുവിളിയാണെന്ന് കെ.കെ. രമ എം.എൽ.എ. വ്യക്തമാക്കി. സി.പി.എമ്മും സർക്കാരും പ്രതികൾക്കൊപ്പമാണെന്ന് ഒരിക്കൽക്കൂടി തെളിയിച്ചു. ഒരുതരത്തിലും ശിക്ഷയിളവ് നൽകരുതെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. നിയമപരമായും രാഷ്ട്രീയമായും നേരിടും. ആഭ്യന്തരവകുപ്പിന്റെ അറിവോടെയാണ് ശിക്ഷയിളവ് നൽകാൻ ശ്രമംനടക്കുന്നതെന്നും രമ കുറ്റപ്പെടുത്തി.
അതേസമയം പ്രതികൾക്ക് ചട്ടം മറികടന്ന് ശിക്ഷാ ഇളവ് നൽകാനുള്ള ശുപാർശ പട്ടിക തയ്യാറാക്കിയത് സിപിഎം നേതാവ് പി ജയരാജൻ അംഗമായ ജയിൽ ഉപദേശക സമിതിയെന്ന് റിപ്പോർട്ട്. വിഷയത്തിൽ ഗവർണറെ സമീപിക്കാനാണ് പ്രതിപക്ഷത്തിൻറെ നീക്കം. നിയമ സഭയിൽ നാളെ വിഷയം ഉന്നയിക്കാനും പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്.