കേരളത്തിന് ആശ്വാസം ; ടെൻഡറിനേക്കാൾ കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകാമെന്ന് കമ്പനികൾ

Update: 2023-09-04 14:39 GMT

ഹ്രസ്വകാലത്തേക്ക് വൈദ്യുതി വാങ്ങാനുള്ള കരാറിൽ, ടെണ്ടറിൽ മുന്നോട്ട് വെച്ച തുക കുറക്കാമെന്ന് കെഎസ്ഇബിക്ക് ഉറപ്പ് നൽകി കമ്പനികൾ. യൂണിറ്റിന് 6 രൂപ 88 പൈസ നിരക്കിൽ വൈദ്യുതി നൽകാമെന്നാണ് അദാനി പവർ കമ്പനിയുടേയും ഡി ബി പവ‌ർ കമ്പനിയുടേയും വാഗ്ദാനം. എന്നാൽ റദ്ദാക്കിയ കരാർ പ്രകാരമുള്ള തുകയെക്കാൾ ഉയർന്ന നിരക്കാണിത്.

500 മെഗാവാട്ട് അഞ്ച് വർഷത്തേക്ക് വാങ്ങാനുള്ള ടെണ്ടറിൽ രണ്ട് കമ്പനികൾ മാത്രമാണ് പങ്കെടുത്തത്. അദാനി പവർ കമ്പനി യൂണിറ്റിന് 6 രൂപ 90 പൈസയും ഡി ബി 6 രൂപ 97 പൈസയുമാണ് മുന്നോട്ട് വെച്ചത്. റിവേഴ്സ് ബിഡ് ചർച്ചയിൽ കെഎസ്ഇബി ആവശ്യപ്പെട്ടത് അനുസരിച്ചാണ് രണ്ട് കമ്പനികളും 6.88 ആയി നിരക്ക് കുറച്ചത്. അദാനി 303 മെഗാവാട്ടും ഡിബി 100 മെഗാവാട്ടും നൽകാമെന്നാണ് അറിയിച്ചത്. കരാറിൽ ഇനി റഗുലേറ്ററി കമ്മീഷനാണ് തീരുമാനമെടുക്കേണ്ടത്.

നിരക്ക് കുറക്കാൻ കഴിഞ്ഞത് കെഎസ്ഇബിക്ക് നേട്ടമാണ്. നിലവിൽ ശരാശരി 9 രൂപ നിരക്കിലാണ് പ്രതിസന്ധി തീർക്കാൻ പ്രതിദിന പവർ എക്സേചേഞ്ചിൽ നിന്നും വൈദ്യുതി വാങ്ങുന്നത്. എന്നാൽ റദ്ദാക്കിയ കരാറിനെ അപേക്ഷിച്ച് പുതിയ തുക വളരെ കൂടുതലാണ്. ആര്യാടൻ മുഹമ്മ് വൈദ്യുതി മന്ത്രിയായിരിക്കെ ഉണ്ടാക്കിയ കരാർ അനുസരിച്ച് മൂന്ന് കമ്പനികളാണ് 465 മെഗാവാട്ട് നൽകി വന്നത്. 115 മെഗാവാട്ട് 4 രൂപ 11 പൈസക്കും 350 മെഗാ വാട്ട് 4 രൂപ 29 പൈസക്കുമായിരുന്നു നൽകിയിരുന്നത്. നടപടിക്രമങ്ങളിലെ വീഴ്ചയുടെ പേരിൽ ഈ കരാർ റദ്ദാക്കിയതാണ് ഇപ്പോഴത്തെ വലിയ പ്രതിസന്ധിയുടെ പ്രധാന കാരണം. 

Tags:    

Similar News