എല്‍ഡിഎഫ് പരാജയം ഉറപ്പിച്ചുകഴിഞ്ഞു; യുഡിഎഫിന് ഇരുപതില്‍ 20 സീറ്റും ലഭിക്കുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

Update: 2024-04-09 06:22 GMT

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഇരുപതില്‍ ഇരുപത് സീറ്റും ലഭിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. എല്‍ഡിഎഫ് പരാജയം ഉറപ്പിച്ചുകഴിഞ്ഞു. അവരുടേത് പകയുടെ രാഷ്ട്രീയമാണ്. ഭീകരമായ അന്തരീക്ഷം സൃഷ്ടിച്ച് വോട്ടര്‍മാരെ പോളിങ് ബൂത്തില്‍ എത്തിക്കാതിരിക്കാനുള്ള സിപിഐഎമ്മിന്റെ അടവുനയത്തിന്റെ ഭാഗമാണ് പാനൂര്‍ ബോംബ് സ്‌ഫോടനമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു.

'പൗരത്വഭേദഗതി നിയമം സംബന്ധിച്ച് ഞങ്ങളുടെ നിലപാട് പാര്‍ട്ടിക്ക് വേണ്ടി ആരാണോ പാര്‍ലമെന്റില്‍ പ്രസംഗിച്ചത് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. സിഎഎ ബില്ല് കൊണ്ടുവന്നപ്പോള്‍ സ്പീക്കറുടെ മുന്നില്‍ വലിച്ചുകീറി. സസ്‌പെന്‍ഷന്‍ ഏറ്റുവാങ്ങി. സിഎഎ വിഷയം ചോദിച്ചപ്പോള്‍ പ്രകോപിതനായിട്ടില്ല. തികച്ചും വര്‍ഗീയമായ ചോദ്യങ്ങള്‍ മാത്രമാണ് ചോദിച്ചത്. പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് എല്ലാവരെയും ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഇന്‍ഡ്യ മുന്നണി അധികാരത്തില്‍ വന്നാല്‍ സിഎഎ റദ്ദ് ചെയ്യും. ഇല്ലെങ്കില്‍ അതിശക്തമായി പാര്‍ട്ടിക്കെതിരെ നിലനില്‍ക്കും', രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

താന്‍ ബിജെപിയിലേക്ക് പോകുമെന്ന പത്മജ വേണുഗോപാലിന്റെ പരാമര്‍ശത്തെയും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വിമര്‍ശിച്ചു. പത്മജയ്ക്ക് മറുപടി നല്‍കിയാല്‍ കുഴിയില്‍ കിടക്കുന്ന കരുണാകരന്‍ പോലും ക്ഷമിക്കില്ലെന്നായിരുന്നു മറുപടി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം വി ബാലകൃഷ്ണന്റെ പേരില്‍ ഇറക്കിയ ഈദ് ആശംസാ കാര്‍ഡ് വിവാദത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രതികരണം ഇങ്ങനെ, 'എല്‍ഡിഎഫ് മതപരമായ കാര്യങ്ങള്‍ തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നു. ചന്ദ്രക്കലയെ അരിവാള്‍ ചുറ്റികയാക്കി മാറ്റി. വോട്ടര്‍മാരെ വര്‍ഗീയമായി ചൂഷണം ചെയ്യുന്നു. മതപരമായ ചിഹ്നങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല.' വിവാദ ചിത്രം ദ കേരള സ്റ്റോറി സംബന്ധിച്ച തന്റെ നിലപാട് ഇപ്പോള്‍ പറയുന്നില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചു.

Tags:    

Similar News