മഴ മഴ പെരുമഴ; സംസ്ഥാനത്ത് 4 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; എം ജി സർവകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി

Update: 2023-07-05 14:44 GMT

മഴ തിമിർത്ത് പെയ്യുകയാണ് കേരളത്തിൽ. അതിനൊപ്പം മഴക്കെടുതിയും കൂടുന്നു. മഴ കൂടുതൽ ശക്തി പ്രാപിച്ചതോടെ കോട്ടയം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർമാർ അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിലെ തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളിലും ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലും മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമേ ആലപ്പുഴ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു. എം ജി സർവകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷളും മാറ്റി. മഴക്കെടുതി നേരിടാനുള്ള നിർദേശം കളക്ടർക്ക് ഇതിനോടകം കൈമാറിയിട്ടുണ്ട്. ജനങ്ങൾ ആശങ്കപ്പെടേണ്ടന്നും സർക്കാർ മുന്നറിയിപ്പുകൾ അനുസരിക്കണമെന്നും നിർദേശമുണ്ട്. തൃശൂർ , ചാലക്കുടി മേഖലയിൽ വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കുതിരാനിൽ വിള്ളലുണ്ടായ റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞ് താഴ്ന്നു. കണ്ണൂരിലും മലപ്പുറത്തും റോഡുകൾ ഇടിഞ്ഞിട്ടുണ്ട്. അട്ടപ്പാടി ചുരത്തിലെ വനമേഖലയിൽ വൈദ്യുതി ലൈനിന് മുകളിലേക്ക് മരം വീണ് വൈദ്യുതി ബന്ധം തടസപ്പെട്ടു. കടലാക്രണം രൂക്ഷമായതോടെ തീരമേഖലയിലെ ജനജീവിതവും ദുസ്സഹമാണ്. കനത്ത മഴയിലും കാറ്റിലും തിരുവല്ലയിൽ പള്ളി തകർന്ന് വീണു. കണ്ണൂർ ജയിലിനറെ സുരക്ഷാ ഭിത്തി തകർന്നു. അപ്പർ കുട്ടനാട്, കുട്ടനാട് മേഖലകളിലെ നിരവധി വീടുകളിൽ വെളളം കയറി. മഴക്കെടുതി ഏറ്റവും അധികം ബാധിച്ചത് ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിലാണ്.

തിരുവനന്തപുരത്ത് റോഡിലെ വെള്ളക്കെട്ടിൽ വീണ് ബൈക്ക് യാത്രക്കാരന് പരുക്കേറ്റു. വയനാട് പൂപ്പാടി പഞ്ചായത്തിൽ വീട് ഭാഗികമായി തകർന്നു. കൊല്ലം ചിതറയിൽ മരം റോഡിലേക്ക് കടപുഴകി വീണു. കോഴിക്കോട് ഇരുവഴിഞ്ഞിപ്പുഴയിൽ കാണാതായ ആൾക്ക് വേണ്ടിയുള്ള തെരച്ചിൽ ഊർജിതമാണ്. ചെറുഅണക്കെട്ടുകൾ തുറന്നതോടെ മിക്ക നദികളിലും ജല നിരപ്പ് ഉയർന്നിട്ടുണ്ട്.ഈ സാഹചര്യത്തിൽ നദിക്കരയിൽ താമസിക്കുന്ന ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.നാളെ കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴ ഇനിയും ശക്തി പ്രാപിക്കാനുള്ള സാഹചര്യം കണക്കിലെടുത്ത് മലയോര മേഖലയിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്. 

Tags:    

Similar News