കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇതിനെത്തുടർന്ന് വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച ഒൻപതു ജില്ലകളിലും ചൊവ്വാഴ്ച അഞ്ച് ജില്ലകളിലുമാണ് യെലോ അലർട്ട് പ്രഖ്യാപിച്ചത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിലാണ് തിങ്കളാഴ്ച യെലോ അലർട്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. എങ്കിലും പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ചൊവ്വാഴ്ച യെലോ അലർട്ട്.
സംസ്ഥാനത്ത് കാലവർഷം ശക്തമാകാൻ ഒരാഴ്ച കൂടി കഴിയുമെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. ഒരാഴ്ച വൈകി എത്തിയ കാലവർഷത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു കാര്യമായി മഴ കുറഞ്ഞില്ല. എന്നാൽ, കാലവർഷം കൂടുതൽ ശക്തി പ്രാപിക്കാൻ ഒരാഴ്ചയിലേറെ കാത്തിരിക്കേണ്ടി വരും. സാധാരണ ജൂൺ ഒന്നിന് എത്തേണ്ട തെക്കു പടിഞ്ഞാറൻ കാലവർഷം കഴിഞ്ഞ വർഷം മേയ് 29ന് എത്തിയതായാണു കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചത്; ഇത്തവണ ജൂൺ 8നും.