സിഗ്നൽ ഇല്ല; അരിക്കൊമ്പനെ കണ്ടെത്താനാവാതെ വനംവകുപ്പ്

Update: 2023-05-03 03:21 GMT

അരിക്കൊമ്പന്റെ സാറ്റലൈറ്റ് റേഡിയോ കോളറിൽ നിന്നുള്ള സിഗ്‌നലുകൾ ഇന്നലെ പുലർച്ചെ മുതൽ ലഭിക്കുന്നില്ല. അരിക്കൊമ്പൻ കാട്ടിൽ എവിടെയെന്നു കണ്ടെത്താനാവാതെ വനംവകുപ്പ്. ആന ചോലവനത്തിലായതിനാലാകാം സിഗ്നലുകൾ ലഭിക്കാത്തതെന്നാണു വനം വകുപ്പിന്റെ വിലയിരുത്തൽ. ഇടതൂർന്ന മരങ്ങളുള്ള വനത്തിനുള്ളിലായാൽ സാറ്റലൈറ്റുമായുള്ള ബന്ധം ലഭിക്കാതെ പോകുമെന്ന് വിദഗ്ധർ പറയുന്നു. 

അരിക്കൊമ്പനെ പെരിയാർ‌ ടൈഗർ റിസർവ് വനമേഖലയിൽ തുറന്നുവിട്ട ശേഷം ഓരോ മണിക്കൂർ ഇടവിട്ട് സാറ്റലൈറ്റ് കോളറിൽ നിന്നു സിഗ്നൽ കിട്ടിക്കൊണ്ടിരുന്നതാണ്. എന്നാൽ ഇന്നലെ പുലർച്ചെ നാലിനു ശേഷമാണ് സിഗ്നൽ നഷ്ടപ്പെട്ടത്. വനംവകുപ്പ് വാച്ചർമാരെ നിരീക്ഷണത്തിന് നിയോഗിച്ചിട്ടുണ്ടെങ്കിലും അരിക്കൊമ്പൻ എവിടെയെന്ന് അവർക്കും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. 

ഇന്നലെ പുലർച്ചെ ലഭിച്ച സിഗ്നൽ പ്രകാരം തമിഴ്നാട് വനമേഖലയ്ക്ക് 5 കിലോമീറ്റർ സമീപത്ത് അരിക്കൊമ്പൻ‌ എത്തി. ആനയെ ഇറക്കിവിട്ട സന്യാസിയോടയിൽ‌ നിന്ന് 18 കിലോമീറ്റർ സഞ്ചരിച്ച് തമിഴ്‌നാട് വനമേഖലയിൽ കടന്ന ആന തിങ്കളാഴ്ച വൈകുന്നേരത്തോടെ പെരിയാറിലേക്ക് തിരികെ വരുന്നതായാണ് ഈ സിഗ്നലിന്റെ അർഥം.

സഞ്ചാരത്തിന്റെ ദൂരം കണക്കിലെടുത്താൽ അരിക്കൊമ്പൻ ആരോഗ്യവാനാണ് എന്നും നിരീക്ഷണ സംഘം വിലയിരുത്തുന്നു. ഇതേസമയം അരിക്കൊമ്പന്റെ നീക്കങ്ങൾ നിരീക്ഷിക്കാൻ തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥർക്കും നിർദേശം ലഭിച്ചിട്ടുണ്ട്.

Tags:    

Similar News