പിവി അൻവറിന്റെ പാർക്കിന് ലൈസൻസ് ഇല്ലെന്ന് സർക്കാർ കോടതിയിൽ; ഹർജി നാളെ പരിഗണിക്കും

Update: 2024-02-06 13:36 GMT

പിവി അൻവറിന്‍റെ ഉടമസ്ഥതയിലുള്ള കോഴിക്കോട് കക്കാടംപൊയിലിലെ പാർക്കിന് ലൈസൻസ് ഇല്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ലൈസൻസിനായി അപേക്ഷ നൽകിയിട്ടുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയിൽ മറുപടി നല്‍കി. അപേക്ഷയിലെ പിഴവ് കാരണം ലൈസൻസ് നൽകിയിട്ടില്ല. ആവശ്യപ്പെട്ട അനുബന്ധ രേഖകളും ഹാജരാക്കിയിട്ടില്ലെന്നും സർക്കാർ അറിയിച്ചു. ലൈസൻസ് ഇല്ലാതെ എങ്ങനെ പാർക്ക് പ്രവർത്തിക്കും എന്ന് കോടതി ചോദിച്ചു. ഇതുസംബന്ധിച്ച് നാളെ മറുപടി നല്‍കണമെന്നും സര്‍ക്കാറിന് നിര്‍ദേശം നല്‍കി. പാർക്ക് അടച്ച് പൂട്ടണമെന്ന് ഹർജിക്കാർ കോടതിയോട് ആവശ്യപ്പെട്ടു. ഹർജി നാളെ വീണ്ടും പരിഗണിക്കും. യാതൊരു ലൈസന്‍സുമില്ലാതെയാണ് കക്കാടംപൊയിലിലെ കുട്ടികള്‍ക്കായുള്ള പാര്‍ക്ക് പ്രവര്‍ത്തിക്കുന്നതെന്ന് ഇതോടെ വ്യക്തമായി. ഗുരുതരമായ ചട്ടലംഘനമാണ് ജനപ്രതിനിധിയെന്ന നിലയില്‍ നടത്തിയതെന്നാണ് ഹര്‍ജിയിലെ വാദം.

ഹര്‍ജി നേരത്തെ പരിഗണിച്ചപ്പോള്‍ പി വി അൻവറിന്‍റെ കക്കാടംപൊയിലിലെ പാർക്കിന് ലൈസൻസ് ഉണ്ടോ എന്നറിയിക്കാൻ സർക്കാറിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. മൂന്ന് ദിവസത്തിനകം മറുപടി നൽകണമെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. തുടര്‍ന്നാണ് സര്‍ക്കാരിപ്പോള്‍ ലൈസന്‍സ് ഇല്ലെന്ന് അറിയിച്ചത്. കുട്ടികളുടെ പാർക്ക് തുറക്കാൻ പ‌ഞ്ചായത്ത് ലൈസൻസ് ഇല്ലെന്ന വിവരാവകാശ രേഖ കേസിലെ ഹർജിക്കാരന്‍ കോടതിയിൽ ഹാജരാക്കിയിരുന്നു. കളക്ടർ അടച്ച് പൂട്ടിയ പാർക്ക് സർക്കാരാണ് തുറന്ന് കൊടുത്തതെന്നാണ് ഹര്‍ജിയിലെ വാദം.

Tags:    

Similar News