'മുഖ്യമന്ത്രി കാണാതെ പി.ശശിയും അജിത് കുമാറും ഇൻറലിജൻസ് റിപ്പോർട്ട് പൂഴ്ത്തി'; പി വി അൻവർ

Update: 2024-09-11 08:43 GMT

എഡിജിപി എം ആർ അജിത് കുമാറിനെതിരെ കൂടുതൽ ആരോപണവുമായി പി വി അൻവർ എംഎൽഎ രംഗത്ത്. ആർഎസ്എസ്-എഡിജിപി ചർച്ചയുടെ ഇൻറലിജൻസ് റിപ്പോർട്ട് അജിത് കുമാറും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയും ചേർന്ന് പൂഴ്ത്തി വെച്ചെന്നാണ് പി വി അൻവർ ആരോപിക്കുന്നത്.

ആർഎസ്എസ്-എഡിജിപി ചർച്ചയുടെ ഇന്റലിജൻസ് റിപ്പോർട്ട് മുഖ്യമന്ത്രി ആദ്യം കണ്ടിരുന്നില്ല. അജിത് കുമാറും പി ശശിയും ചേർന്ന് ഇൻറലിജൻസ് റിപ്പോർട്ട് പൂഴ്ത്തി. വിശ്വസിക്കുന്നവർ ചതിച്ചാൽ ആർക്കും ഒന്നും ചെയ്യാനാവില്ല. മുഖ്യമന്ത്രിക്ക് ഇക്കാര്യം ബോധ്യം വരുന്നതോടെ അത് തിരുത്തുമെന്നും പി വി അൻവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

'ആർ.എസ്.എസ്. നേതാവിനെ എ.ഡി.ജി.പി. അജിത് കുമാർ കണ്ടതുമായി ബന്ധപ്പെട്ട ഇന്റലിജൻസ് റിപ്പോർട്ട് ആ സമയത്തുതന്നെ നൽകിയിരുന്നെന്നും എന്നിട്ടുമെന്താണ് മുഖ്യമന്ത്രി അതിൽ നടപടിയെടുക്കാതിരുന്നതെന്നും കഴിഞ്ഞ മൂന്നുനാല് ദിവസങ്ങളായി സംസ്ഥാനത്ത് ചർച്ചയാണ്. ആ ഇന്റലിജൻസ് റിപ്പോർട്ട് പൂഴ്ത്തിവെച്ചുവെന്നാണ് എന്റെ അന്വേഷണത്തിൽ, ചില പോലീസ് ഉദ്യോഗസ്ഥരിൽ നിന്ന് മനസിലാക്കാൻ കഴിഞ്ഞത്.' -പി.വി. അൻവർ പറഞ്ഞു.

'സ്പെഷ്യൽ ബ്രാഞ്ച് രണ്ടാമത് അന്വേഷിച്ചപ്പോഴാണ് മുഖ്യമന്ത്രി ആ വിവരം അറിയുന്നത്. ഇന്റലിജൻസ് റിപ്പോർട്ട് പൂഴ്ത്തിയത് ആരാണെന്ന് എല്ലാവർക്കും അറിയാം. എ.ഡി.ജി.പി. എം.ആർ. അജിത് കുമാറും അദ്ദേഹത്തോടൊപ്പം നിൽക്കുന്ന പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയുമായിരിക്കും അത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. വിശ്വസിക്കുന്നവർ ചതിച്ചാൽ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല. വിശ്വസിച്ചവർ ചതിച്ചോ എന്ന് മുഖ്യമന്ത്രി പരിശോധിക്കുകയാണ്.' -അൻവർ കൂട്ടിച്ചേർത്തു.

'അജിത് കുമാറിന്റെ കാര്യത്തിലായാലും മറ്റുള്ളവരുടെ കാര്യത്തിലായാലും, മുഖ്യമന്ത്രി വിശ്വസിക്കുന്നവരെ വല്ലാതെ വിശ്വസിക്കും. ലോകമൊന്നാകെ കുലുങ്ങിയാലും അദ്ദേഹം കുലുങ്ങാതെ അവരെ വിശ്വസിക്കും. അദ്ദേഹത്തിന്റെ പ്രകൃതമാണത്. അവരെ അവിശ്വസിക്കണമെങ്കിൽ അദ്ദേഹത്തിന് അത് ബോധ്യപ്പെടണം. ആ ബോധ്യപ്പെടലിലേക്ക് കാര്യങ്ങളെത്തിക്കൊണ്ടിരിക്കുകയാണ്. അത് പരിപൂർണ ബോധ്യം വരുന്നതോടെ അതിന്മേൽ ഒരു തീരുമാനമുണ്ടാകുമെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്.' അൻവർ പറഞ്ഞു.

സന്ദീപാനന്ദ സ്വാമിയുടെ ആശ്രമം കത്തിച്ച കേസിൽ പ്രതികളെ രക്ഷിക്കാൻ പൊലീസ് ശ്രമിച്ചു. പിന്നീട് മുഖ്യമന്ത്രി ഇടപെട്ട് മറ്റൊരു സംഘത്തെ നിയോഗിച്ചാണ് പ്രതികളെ പിടികൂടിയത്. പൊലീസിലെ ആർഎസ്എസുകാർ സർക്കാരിനെ എത്രത്തോളം പ്രതിസന്ധിയിലാക്കുന്നുവെന്നത് സന്ദീപാനന്ദ സ്വാമിയുടെ ആശ്രമം കത്തിച്ച കേസിൽ വ്യക്തമാണെന്നും പി വി അൻവർ കൂട്ടിച്ചേർത്തു.

Tags:    

Similar News