പ്രിയങ്കാ ​ഗാന്ധി വയനാട്ടിലേക്ക്; 23ന് നാമനിർദേശ പത്രിക സമർപ്പിക്കും

Update: 2024-10-19 12:28 GMT

വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പ് യുഡിഎഫ് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധി മണ്ഡലത്തിലേക്കെത്തുന്നു. ഈ മാസം 23ന് നാമനിർദേശ പത്രിക സമർപ്പിക്കും. ലോക്സഭാ പ്രതിപക്ഷ നേതാവും സഹോദരനുമായ രാഹുൽ ഗാന്ധിയോടൊപ്പം റോഡ്ഷോയായി കലക്ടറേറ്റിലേക്കെത്തിയാവും നാമനിർദേശപത്രിക സമർപ്പിക്കുക. എന്നാൽ പ്രിയങ്ക എത്ര ദിവസം മണ്ഡലത്തിലുണ്ടാവും എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. പ്രിയങ്കയെ സ്ഥാനാർഥിയായി തീരുമാനിച്ചതു മുതൽ ആവേശത്തിലാണ് പ്രവർത്തകർ. മണ്ഡലത്തിലുടനീളം പോസ്റ്റർ പ്രചാരണവും വീടുകൾ കയറിയുള്ള പ്രചാരണവും പ്രവർത്തകർ ആരംഭിച്ചിരുന്നു. ഇന്ന് ഏഴ് നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫ് കൺവൻഷൻ നടക്കുന്നുണ്ട്.

ഇതിനിടെ, മണ്ഡലത്തിലെത്തിയ എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരിക്ക് ലക്കിടിയിൽ പ്രവർത്തകർ സ്വീകരണം നൽകി. കൽപറ്റയിൽ റോഡ് ഷോയും നടത്തും. സ്ഥാനാർഥി പ്രഖ്യാപന ശേഷം ആദ്യമായാണ് സത്യൻ മൊകേരി വയനാട്ടിലെത്തുന്നത്. 10 വർഷം മുൻപ് മുൻ എംപി എം.ഐ ഷാനവാസിനെതിരെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്നു സത്യൻ മൊകേരി. പ്രധാന മുന്നണികളുടെ സ്ഥാനാർഥികൾ‌ അങ്കത്തട്ടിലേക്ക് ഇറങ്ങിയതോടെ തെരഞ്ഞെടുപ്പ് രംഗം ചൂടുപിടിച്ചു. ഇനി എൻഡിഎ സ്ഥാനാർഥിയാര് എന്നാണ് അറിയാനുള്ളത്. റായ്ബറേലി മണ്ഡലത്തിൽ നിന്നുകൂടി വിജയിച്ചതോടെ രാഹുൽ ​ഗാന്ധി വയനാട് മണ്ഡലം ഒഴിഞ്ഞതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. സിപിഐയുടെ ആനി രാജയ്ക്കെതിരെ 3,64,422 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു വയനാട്ടിൽ രാഹുൽ ​ഗാന്ധിയുടെ വിജയം.

Tags:    

Similar News