തൃശൂരിൽ സ്വകാര്യ നഴ്‌സുമാരുടെ പണിമുടക്ക്; അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കി
തൃശൂരിൽ സ്വകാര്യ നഴ്‌സുമാർ നടത്തുന്ന പണിമുടക്കിൽ നിന്ന് അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കി. ജില്ലാ കളക്ടറുടെ ഇടപെടലിനെ തുടർന്നാണ് തീരുമാനം. കൈപ്പറമ്പ് നൈൽ ആശുപത്രി ഉടമയ്‌ക്കെതിരെ കർശന നടപടി വേണമെന്നാവശ്യപ്പെട്ടാണ് യു എൻ എയുടെ നേതൃത്വത്തിൽ നഴ്സുമാരുടെ പണിമുടക്ക്. അതെസമയം നഴ്‌സുമാർ തന്നേയും ഭാര്യയെയും ആക്രമിച്ചതായാണ് ആശുപത്രി എം ഡിയുടെ ആരോപണം.
വ്യാഴാഴ്ചയാണ് നൈൽ ആശുപത്രിയിലെ നഴ്‌സുമാരെ എം.ഡിയായ ഡോ. അലോക് മർദിച്ചതായി ആരോപണമുയർന്നത്. ശമ്പളവർധനവിനായി ലേബർ ഓഫീസിൽ നടത്തിയ ചർച്ചയ്ക്കിടെയായിരുന്നു സംഭവം. ചർച്ചയ്ക്കിടെ ഡോക്ടർ പുറത്തേക്ക് പോകാൻ ശ്രമിക്കുകയും തങ്ങളെ മർദ്ധിക്കുകയുമായിരുന്നുവെന്നാണ് നഴ്‌സുമാർ പറയുന്നു. സംഭവത്തെ തുടർന്ന് ഗർഭിണിയായ നഴ്‌സ് ഉൾപ്പെടെ തൃശൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. വിഷയത്തിൽ ആശുപത്രി എം ഡി ഡോ.അലോഗിനെതിരെ കർശന നടപടി വേണം എന്ന ആവശ്യമുന്നയിച്ചാണ് പണിമുടക്ക്. ഇന്ന് സമ്പൂർണ്ണ പണിമുടക്ക് നടത്താനാണ് തീരുമാനിച്ചിരുന്നത് എങ്കിലും കളക്ടർ ഇടപെട്ട് ചർച്ചയ്ക്ക് സാധ്യത ഒരുങ്ങിയതോടെ അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം യുഎൻഎയുടെ നേതൃത്വത്തിൽ ഡോക്ടറുടെ തൃശൂർ അയ്യന്തോളിലെ വീട്ടിലേക്ക് പ്രതിഷേധമാർച്ചും സംഘടിപ്പിച്ചിരുന്നു. അതേസമയം, ചർച്ച മതിയാക്കി പുറത്തുപോകാൻ ശ്രമിച്ച തന്നേയും ഭാര്യയേയും നഴ്‌സുമാർ ആക്രമിച്ചതായാണ് ഡോക്ടർ അലോകിന്റെ ആരോപണം. ഇരുരുകൂട്ടരുടേയും പരാതിയിൽ തൃശ്ശൂർ വെസ്റ്റ് പൊലീസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.