സ്വകാര്യ ബസുകള്‍ക്ക് ദീര്‍ഘദൂര സര്‍വീസ് നടത്താമെന്ന് ഹൈക്കോടതി

Update: 2023-04-14 10:31 GMT

സ്വകാര്യ ബസുകള്‍ക്ക് ദീര്‍ഘദൂര സര്‍വീസ് നടത്താമെന്ന് ഡിവിഷന്‍ ബെഞ്ച് ഇടക്കാല ഉത്തരവിട്ടു. നിലവില്‍ പെര്‍മിറ്റുള്ള ബസുകള്‍ക്കാവും ഉത്തരവ് ബാധകമാകുക. ദൂരപരിധി ലംഘിച്ച് സര്‍വീസ് നടത്തുന്നുവെന്ന പരാതിയെത്തുടര്‍ന്ന് സ്വകാര്യ ബസുകളുടെ ഇരുനൂറോളം റൂട്ടുകള്‍ കെ.എസ്.ആര്‍.ടി.സി ഏറ്റെടുക്കുകയും ബസ് സര്‍വീസ് തുടങ്ങുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ഹൈക്കോടതി ഉത്തരവ് കെ.എസ്.ആര്‍.ടി.സിക്ക് തിരിച്ചടിയാകും.

140 കിലോമീറ്റര്‍ ദൂരപരിധിക്ക് അപ്പുറത്തേക്ക് സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കേണ്ടതില്ലെന്ന ഗതാഗത വകുപ്പിന്റെ തീരുമാനം ചോദ്യംചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്റര്‍ ദൂരപരിധി നേരത്തേ നിശ്ചയിച്ചു നല്‍കിയിരുന്നതാണ്. എന്നാല്‍ സ്വകാര്യ ബസുകളില്‍ പലതും ദൂരം കണക്കാക്കാതെ സര്‍വീസ് നടത്തുന്നതായി പരാതി ഉയര്‍ന്നിരുന്നു. നിയമവിരുദ്ധ നടപടികള്‍ തുടര്‍ന്നതിനാല്‍ ബസുകളുടെ പെര്‍മിറ്റ് പുതുക്കിയിരുന്നില്ല. ഇത്തരം ബസുകളുടെ വിവരങ്ങളും സമയവിവരപ്പട്ടികയും കെ.എസ്.ആര്‍.ടി.സി. ക്ലസ്റ്റര്‍ ഓഫീസര്‍മാര്‍ ആര്‍.ടി.ഓഫീസുകളില്‍നിന്ന് ശേഖരിച്ചിരുന്നു. ഈ റൂട്ടുകളിലാണ് കെ.എസ്.ആര്‍.ടി.സി സര്‍വീസ് തുടങ്ങിയത്. 470 സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റുണ്ടായിരുന്ന റൂട്ടുകളില്‍ 241 എണ്ണം വര്‍ഷങ്ങള്‍ക്കുമുമ്പ് കെ.എസ്.ആര്‍.ടി.സി. ഏറ്റെടുത്തിരുന്നു. ഈ റൂട്ടുകളില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ ഓടിച്ചിരുന്നു. പിന്നീട് ഓര്‍ഡിനറി ബസുകളുടെ ദൂരപരിധി 140 കിലോമീറ്ററാക്കി. കോര്‍പ്പറേഷനും സ്വകാര്യബസ് ഉടമകളും തമ്മില്‍ ഇതുസംബന്ധിച്ച് നിയമപോരാട്ടങ്ങളും നടന്നിരുന്നു.

Tags:    

Similar News