തൃശൂരിലെ സേഫ് ആൻറ് സ്‌ട്രോങ്ങ് നിക്ഷേപത്തട്ടിപ്പ് കേസ് പ്രതി പ്രവീൺ റാണയ്ക്ക് പൊലീസ് സേനയിലും ബന്ധങ്ങൾ. റാണ നായകനായ ചോരൻ സിനിമ സംവിധാനം ചെയ്തത് തൃശൂർ റൂറൽ പൊലീസിലെ എഎസ്‌ഐ ആയ സാൻറോ തട്ടിലാണ്. റാണയുടെ ബിസിനസിലെ സെക്യൂരിറ്റി ഓഫീസർമാരായി പ്രവർത്തിക്കുന്നതും മുൻ പൊലീസ് ഉദ്യോഗസ്ഥൻമാരാണ്.
പൊലീസിലെ ഉന്നത സ്വാധീനം റാണയ്ക്ക് കചമായി നിന്നെന്ന പരാതിക്കാരുടെ വാക്കുകൾ ശരിവയ്ക്കുന്നതാണ് പുറത്തുവരുന്ന വിവരങ്ങൾ. പ്രവീൺ റാണയുടെ ഇടപാടുകളിൽ തട്ടിപ്പുണ്ടെന്ന് ഒരു കൊല്ലം മുമ്പ് തന്നെ സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോട്ടുണ്ടായിരുന്നു. റാണയ്‌ക്കെതിരെ കൂട്ടപ്പരാതികളെത്തും വരെ പൊലീസ് അനങ്ങിയിരുന്നില്ല. അടുത്തിടെ റാണ നായകനായ ചോരൻ എന്ന സിനിമ പുറത്തുവന്നിരുന്നത്. അത് സംവിധാനം ചെയ്തത് തൃശൂർ റൂറൽ എസ്പിയുടെ ഓഫീസിലെ എഎസ്‌ഐയായിരുന്ന സാൻറോ തട്ടിലെന്ന സാൻറോ അന്തിക്കാടായിരുന്നു. സിനിമ പുറത്തുവന്നതിന് പിന്നാലെ റൂറൽ പൊലീസ് ആസ്ഥാനത്തുനിന്നും സാൻറോയെ വലപ്പാടേക്ക് മാറ്റി. സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിനെത്തുടർന്നായിരുന്നു സ്ഥലം മാറ്റം.