സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; പവർ കട്ടിന് സാധ്യത, വൈദ്യുതി ചാർജും കൂടിയേക്കും
കേരളത്തിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു.കടുത്ത നിയന്ത്രണങ്ങൾ വേണ്ടിവരുമെന്നും വൈദ്യുതി ചാർജ് വർദ്ധനയും വേണ്ടി വന്നേക്കാമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.ലോഡ് ഷെഡിങ് വേണോ വേണ്ടയോ എന്ന് 21ന് ചേരുന്ന ഉന്നത തല യോഗത്തിന് ശേഷം തീരുമാനിക്കുമെന്നും കെ കൃഷ്ണന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
ഓണം കഴിഞ്ഞ് നല്ല മഴ കിട്ടിയില്ലെങ്കിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടി വന്നേക്കുമെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്. പുറത്ത് നിന്ന് കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങിയാണ് ഇപ്പോൾ കെഎസ്ഇബി മുന്നോട്ട് പോകുന്നത്. ഇതിലൂടെ പ്രതിദിനം 10 കോടിയോളം രൂപയുടെ നഷ്ടം ഉണ്ട്. മഴ കുറഞ്ഞതും പുറത്ത് നിന്നുള്ള മൂന്ന് കമ്പനികളിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള കരാർ റദ്ദായതുമാണ് തിരിച്ചടിയായത്. നഷ്ടം നികത്താൻ സർചാർജും പരിഗണനയിലുണ്ട്.