'പുലിക്ക് ക്യാപ്ചർ മയോപ്പതി'; കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്തത് ഹൃദയാഘാതം മൂലം
പാലക്കാട് മണ്ണാർക്കാട് കോട്ടേപ്പാടത്ത് കോഴിക്കൂട്ടിൽ കുടുങ്ങിയ പുലിയുടെ മരണകാരണം 'ക്യാപ്ച്ചർ മോയപ്പതി'എന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഹൃദയസ്തംഭനം മൂലമാണ് മരണപ്പെട്ടത്. രണ്ട് വയസ്സുള്ള ആൺപുലിയാണ് ചത്തത്. ആറ് മണിക്കൂറോളം കൂട്ടിലെ വലയിൽ കാൽ കുടുങ്ങി പുലി തൂങ്ങിക്കിടന്നു. ആ അവസ്ഥയിൽ ആന്തരിക അവയവങ്ങൾക്ക് രക്തസ്രാവമുണ്ടായി. തുടർന്നായിരുന്നു ഹൃദയസ്തംഭനം. നാലു വയസ്സുള്ള ആൺപുലിയാണ് ചത്തതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ചീഫ് ഫോറസ്റ്റ് വെറ്റിനറി സർജൻ ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിലാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്.
കുന്തിപ്പാടം പൂവത്താനി സ്വദേശി ഫിലിപ്പിന്റെ വീടിനോട് ചേർന്നുള്ള കോഴിക്കൂട്ടിലാണ് പുലി കുടുങ്ങിയത്. കോഴികളുടെ ബഹളം കേട്ട് പുറത്തിറങ്ങി നോക്കിയപ്പോഴാണ് പുലിയെ കൂട്ടിൽ കണ്ടത്. കൂട്ടിൽ നൂറോളം കോഴികളുണ്ടായിരുന്നു. കോഴിക്കൂട് തകർത്ത് പുറത്തുകടക്കാനുള്ള ശ്രമം പുലി നടത്തി. ഇതിനിടെ, കൂട്ടിലെ ഇരുമ്പഴിക്കുള്ളിൽ കുടുങ്ങി പുലിയുടെ ഒരു കാലിന് പരുക്കേറ്റിരുന്നു.