കുടിശ്ശികയായതോടെ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പുമായുള്ള കരാര്‍ തപാല്‍വകുപ്പ് റദ്ദാക്കി. ഇതോടെ മോട്ടോര്‍ വാഹന വകുപ്പില്‍നിന്ന് ലൈസന്‍സ്, ആര്‍.സി. ഉള്‍പ്പെടെയുള്ള രേഖകള്‍ സ്പീഡ് പോസ്റ്റില്‍ അയക്കാതായി. ഇവ മോട്ടോര്‍ വാഹനവകുപ്പ് ഓഫീസില്‍ കെട്ടിക്കിടക്കുകയാണ്.
2.08 കോടി രൂപയാണ് മോട്ടോര്‍ വാഹന വകുപ്പ് തപാല്‍വകുപ്പിന് നല്‍കാനുള്ളത്. 2023 ജൂലായ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള തുകയാണിത്. നവംബര്‍ ഒന്നുമുതലാണ് മോട്ടോര്‍ വാഹനവകുപ്പുമായുള്ള ബി.എന്‍.പി.എല്‍. (ബുക്ക് നൗ പേ ലേറ്റര്‍- ഇപ്പോള്‍ ബുക്ക് ചെയ്യുക പിന്നീട് പണമടയ്ക്കുക സൗകര്യം) കരാര്‍ തപാല്‍വകുപ്പ് അവസാനിപ്പിച്ചത്.
ലൈസന്‍സ്, ആര്‍.സി. ഉള്‍പ്പെടെയുള്ള രേഖകള്‍ മോട്ടോര്‍ വാഹനവകുപ്പില്‍നിന്ന് സ്വീകരിച്ച് സ്പീഡ് പോസ്റ്റ് വഴി തപാല്‍ വകുപ്പാണ് വാതരണം ചെയ്തിരുന്നത്. ഇതിനായി മോട്ടോര്‍ വാഹന വകുപ്പ് നല്‍കേണ്ട തുകയാണ് കുടിശ്ശികയായത്. കഴിഞ്ഞ ദിവസമാണ് ചീഫ് പോസ്റ്റ് മാസ്റ്റര്‍ ഓഫീസില്‍നിന്ന് കരാര്‍ അവസാനിപ്പിച്ച് ഉത്തരവ് പുറത്തിറക്കിയത്.
വിതരണം മുടങ്ങിയതോടെ നൂറുകണക്കിന് ആളുകളുടെ ലൈസന്‍സ്, ആര്‍.സി. എന്നിവ എപ്പോള്‍ ലഭിക്കുമെന്നത് മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും പറയാനാകുന്നില്ല. വിദേശത്തേക്ക് പോകുന്നവരുടെ അന്താരാഷ്ട്ര ലൈസന്‍സ് ആര്‍.ടി.ഒ. ഓഫീസില്‍നിന്ന് നേരിട്ട് പ്രിന്റ് ചെയ്ത് കൊടുക്കുന്നുണ്ട്. മറ്റു ലൈസന്‍സുകള്‍ കാക്കനാടുള്ള ഡെപ്യൂട്ടി കമ്മിഷണര്‍ ഓഫീസില്‍നിന്നാണ് പ്രിന്റ് ചെയ്ത് സ്പീഡ് പോസ്റ്റ് വഴി അയച്ചുകൊടുക്കുന്നത്.
സ്പീഡ് പോസ്റ്റ് വരുന്നതിന് മുന്‍പ് ആവശ്യമായ സ്റ്റാമ്പ് ഒട്ടിച്ച കവര്‍ മോട്ടോര്‍ വാഹന വകുപ്പില്‍ ലൈസന്‍സിനുള്ള അപേക്ഷയോടൊപ്പം നല്കണമായിരുന്നു. അപേക്ഷകന്‍ സ്റ്റാമ്പൊട്ടിച്ച് നല്‍കുന്ന കവറിലാണ് രേഖകള്‍ അയച്ചിരുന്നത്. കരാര്‍ നിലവില്‍ വന്നതോടെയാണ് സ്റ്റാമ്പ് ഒട്ടിച്ച കവര്‍ ഒഴിവാക്കിയത്.