വയനാട് ദുരന്തം: ഇതുവരെ തിരിച്ചറി‌ഞ്ഞത് 75 മൃതദേഹങ്ങൾ മാത്രം

Update: 2024-07-31 06:01 GMT

വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ ഉരുൾപൊട്ടലിൽ മരിച്ച 75 പേരെ തിരിച്ചറിഞ്ഞു. 155 മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും സംസ്ഥാന സർക്കാർ ചൊവ്വാഴ്ച രാവിലെ 11 മണി വരെ സ്ഥിരീകരിച്ചത് 166 മരണങ്ങളാണ്. ഇതിൽ മരിച്ചവരിൽ 91 പേരുടെ മൃതദേഹങ്ങൾ മേപ്പാടി കുടുംബരോഗ്യ കേന്ദ്രത്തിലും 32 മൃതദേഹങ്ങൾ നിലമ്പൂർ ഗവ. ആശുപത്രിയിലുമായിരുന്നു. 

ഔദ്യോഗികമായി മരണം സ്ഥിരീകരിച്ച 123 പേരുടെയും പോസ്റ്റ്മോർട്ടം പൂർത്തിയായതായി അധികൃതർ അറിയിച്ചു. മലപ്പുറത്ത് നിന്നുള്ള മൃതദേഹങ്ങൾ വയനാട്ടിൽ എത്തിക്കും. നിലവിൽ 99 പേരാണ് അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളിലായി ഉള്ളത്. ഇവരിൽ 98 പേർ വയനാട്ടിലും ഒരാൾ മലപ്പുറത്തുമാണ്.

ആകെ 195 പേരാണ് ആശുപത്രികളിൽ എത്തിയത്. ഇതിൽ 190 പേർ വയനാട്ടിലും അഞ്ച് പേർ മലപ്പുറത്തുമായിരുന്നു. വയനാട്ടിൽ എത്തിയ 190 പേരിൽ 133 പേർ വിംസ് ആശുപത്രിയിലും 28 പേർ മേപ്പാടി കുടുംബരോഗ്യ കേന്ദ്രത്തിലും 24 പേർ കൽപ്പറ്റ ജനറൽ ആശുപത്രിയിലും അഞ്ച് പേർ വൈത്തിരി താലൂക്ക് ആശുപത്രിയിലും എത്തി. നിലവിൽ 97 പേർ വയനാട്, മലപ്പുറം ജില്ലകളിലായി ചികിത്സയിലുണ്ട്. ഇതിൽ 92 പേരും വയനാട്ടിലാണ്.

Tags:    

Similar News