മാധ്യമ പ്രവർത്തകയെ അപമാനിച്ചെന്ന കേസ്: ശ്രീനാഥ് ഭാസി പൊലീസ് സ്റ്റേഷനിൽ ഹാജരായി

Update: 2022-09-26 08:07 GMT

ഓൺലൈൻ മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ നടൻ ശ്രീനാഥ് ഭാസി മരട് പൊലീസ് സ്റ്റേഷനിൽ ഹാജരായി. പൊലീസിന് മുന്നിൽ ഹാജരാവാൻ അൽപ്പം കൂടി സമയം അനുവദിക്കണമെന്ന് ഭാസി ആവശ്യപ്പെട്ടിരുന്നു. അതേസമയം സംഭവത്തിൽ വിശദീകരണം തേടാൻ നിർമാതാക്കളുടെ സംഘടന നടനെ വിളിച്ചുവരുത്തിയേക്കും. മാധ്യമപ്രവർത്തകയുടെ പരാതി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പരിഗണിക്കുന്നുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് നടനെതിരെയുള്ള കേസ്. 

കഴിഞ്ഞ 22-ാം തീയതിയാണ് ശ്രീനാഥ് ഭാസിക്കെതിരെ പൊലീസിൽ പരാതി ലഭിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യാൻ എത്തണമെന്നാവശ്യപ്പെട്ട് മരട് പൊലീസ് ശ്രീനാഥ് ഭാസിക്ക് നോട്ടീസ് നൽകിയിരുന്നു. സ്ത്രീത്വത്തെ അപമാനിക്കും വിധം അപമര്യാദയായി പെരുമാറിയെന്നാണ് മാധ്യമ പ്രവർത്തകയുടെ പരാതി. പരാതിക്കാരിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.

കൊച്ചിയിൽ 'ചട്ടമ്പി' എന്ന സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെയാണ് സംഭവം. യാതൊരു പ്രകോപനവുമില്ലാതെ മോശമായി സംസാരിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് മാധ്യപ്രവർത്തകയുടെ പരാതിയിൽ പറയുന്നത്. കൊച്ചിയിലെ ഹോട്ടലിൽ നടന്ന അഭിമുഖത്തിൻറെ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഹോട്ടലിലെ സി സി ടി വി ദൃശ്യങ്ങൾ കേസിൽ നിർണായകമായേക്കും. എന്നാൽ താൻ മാധ്യമപ്രവർത്തകയെ അപമാനിച്ച് സംസാരിച്ചിട്ടില്ലെന്നും അസഭ്യം പറഞ്ഞിട്ടില്ലെന്നുമാണ് ശ്രീനാഥ് ഭാസിയുടെ പ്രതികരണം. എൻറെ ഭാഗത്തുനിന്ന് തെറ്റൊന്നും സംഭവിച്ചിട്ടില്ല. ഞാൻ എന്നെ അപമാനിച്ചതിൻറെ പേരിൽ ഒരു സാധാരണ മനുഷ്യൻ എന്ന നിലയിൽ പ്രതികരിച്ചു എന്നേ ഉള്ളൂ. ആരെയും തെറി വിളിച്ചിട്ടില്ല. മോശമായി സംസാരിച്ചിട്ടില്ലെന്നും ശ്രീനാഥ് ഭാസി പറഞ്ഞു.

Tags:    

Similar News