ക്രമസമാധാനപ്രശ്‌നം; തിരുവനന്തപുരത്ത് തട്ടുകടകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ പോലീസ്‌

Update: 2023-02-13 03:32 GMT

ക്രമസമാധാന പ്രശ്‌നങ്ങളും ഗതാഗതക്കരുക്കും ഒഴിവാക്കാന്‍ തട്ടുകടകളുടെയും ജ്യൂസ് പാര്‍ലറുകളുടെയും പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ പോലീസ്. നേരത്തെയുണ്ടായിരുന്ന സമയ നിയന്ത്രണം വീണ്ടും കര്‍ശനമാക്കാനാണ് പോലീസിന്റെ ഒരുക്കം. രണ്ട് ദിവസം മുമ്പ് അട്ടക്കുളങ്ങരയില്‍ ജ്യൂസ് കടയ്ക്ക് മുന്നിലുണ്ടായ അക്രമത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.

ക്രമസമാധാനപ്രശ്‌നം ഒഴിവാക്കാനെന്ന പേരില്‍ തട്ടുകടകളുടെ സമയം രാത്രി പതിനൊന്നുവരെയാക്കണമെന്ന നിര്‍ദ്ദേശം ശരിയല്ലെന്ന വാദവുമുയര്‍ന്നിട്ടുണ്ട്. രാത്രി തട്ടുകടകളും മറ്റ് ഭക്ഷണശാലകളും പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളില്‍ പട്രോളിങ് ശക്തമാക്കുന്നതിന് പകരം കടകള്‍ അടപ്പിക്കുന്നത് ശരിയല്ലെന്നാണ് വാദം.

രാത്രി വൈകിയും തുറന്നിരിക്കുന്ന കടകള്‍ ഗുണ്ടകളുടെയും ലഹരി വില്‍പ്പനക്കാരുടെയും കേന്ദ്രമാകുന്നുവെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ അട്ടക്കുളങ്ങര അടക്കം രാത്രി ഭക്ഷണശാലകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളില്‍ പോലീസിന്റെ സാന്നിധ്യം അപൂര്‍വമാണ്. ഫോര്‍ട്ട് സ്റ്റേഷന് തൊട്ടടുത്തായിട്ട് പോലും ഇവിടെ പോലീസ് എത്താറില്ല.

വിനോദ സഞ്ചാര വകുപ്പും കോര്‍പ്പറേഷനും ചേര്‍ന്ന് നഗരത്തില്‍ നൈറ്റ് ലൈഫ് സംവിധാനം കൊണ്ടുവരാനുള്ള നടപടികളിലാണ്. നഗരത്തിന്റെ പലഭാഗത്തും രാത്രി വൈകിയും പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലകളുണ്ട്. ദൂരയാത്രയ്ക്ക് ശേഷവും ജോലി കഴിഞ്ഞുമെത്തുന്നവര്‍ക്കും രാത്രികാല കടകള്‍ സഹായമാണ്. രാത്രി ഏഴു കഴിഞ്ഞ് തട്ടുകള്‍ തുറന്നാല്‍ മതിയെന്നാണ് മറ്റൊരു നിര്‍ദ്ദേശം. വെള്ളയമ്പലം -വഴുതയ്ക്കാട് റോഡടക്കം പല ഇടങ്ങളിലും തട്ടുകള്‍ ഗതാഗതക്കുരുക്കുണ്ടാക്കുന്നുവെന്നാണ് പോലീസ് ചൂണ്ടിക്കാട്ടുന്നത്.

വൈകീട്ട് തിരക്കുള്ള സമയത്ത് നടപ്പാതയിലും റോഡുവക്കിലും തട്ടുകടകളുടെ സാധനങ്ങള്‍ നിരത്തിവയ്ക്കുന്നത് കാല്‍നടയാത്രികര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. നടപ്പാത കൈയേറി സ്റ്റൗവും സിലിന്‍ഡറും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ നിരത്തിവെയ്ക്കുകയും ടാര്‍പോളിന്‍ വലിച്ചു കെട്ടുന്നതും ഗതാഗതക്കുരുക്ക് ഉണ്ടാക്കുമെന്നും പോലീസ് പറയുന്നു.

Tags:    

Similar News