ആകാശ് തില്ലങ്കേരിയുടെ വാഹനം പൊലീസ് പിടിച്ചെടുത്തു

Update: 2024-07-11 06:15 GMT

ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി നിയമം ലംഘിച്ച് യാത്ര നടത്തിയ ജീപ്പ് പൊലീസ് പിടിച്ചെടുത്തു. പനമരം ടൗണിലൂടെ സഞ്ചരിച്ച വാഹനം പനമരം പൊലീസാണ് മലപ്പുറത്തുനിന്നും പിടിച്ചെടുത്തത്. മോട്ടർ വാഹന വകുപ്പിന്റെ നിർദേശപ്രകാരമാണ് പൊലീസ് നടപടി. 

വാഹനത്തിൽ ഘടിപ്പിച്ചിരുന്ന വലിയ നാല് ടയറുകളും എക്സ്ട്രാ ഫിറ്റിങ്സുകളും അഴിച്ചുമാറ്റിയിരുന്നു. വാഹനത്തിന്റെ റൂഫ് പുനഃസ്ഥാപിച്ചിട്ടില്ല. വാഹനം ആർടിഒയ്ക്ക് കൈമാറുമെന്ന് പൊലീസ് അറിയിച്ചു. മോട്ടർവാഹന വകുപ്പ് വാഹന ഉടമയ്ക്കെതിരെ പിഴ ചുമത്തുകയും വാഹനം കരിമ്പട്ടികയിൽപ്പെടുത്തുകയും ചെയ്തിരുന്നു.

കഴിഞ്ഞ ഞായറാഴ്ചയാണ് രൂപമാറ്റം വരുത്തിയ ജീപ്പിൽ ആകാശ് വയനാട്ടിലൂടെ യാത്ര നടത്തിയത്. പനമരത്തുകൂടെ പോകുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. വിഷയത്തിൽ ഇടപെട്ട ഹൈക്കോടതി കേസെടുക്കാൻ നിർദേശം നൽകിയിരുന്നു. 

വാഹന ഉടമ മലപ്പുറം മൊറയൂർ സ്വദേശി സുലൈമാനെതിരെ ആർടിഒ കേസെടുത്തിരുന്നു. 9 കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയത്. 45,500 രൂപ പിഴയും ചുമത്തി. ആർടിഒ നടത്തിയ അന്വേഷണത്തിൽ ആകാശിന് ലൈസൻസ് ഇല്ലെന്നും കണ്ടെത്തിയിരുന്നു.

Tags:    

Similar News