ഡോക്ടർമാരുടെ സുരക്ഷയ്ക്കൊപ്പം പോലീസുകാരുടെ സുരക്ഷയും പരിഗണിക്കണമെന്ന ആവശ്യമുയർത്തി കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആർ. പ്രശാന്ത്. രാത്രികാല പട്രോളിങ് സമയത്ത് പോലീസുകാർക്ക് ആകസ്മിക ആക്രമണങ്ങളെ നേരിടാൻ വേണ്ട ആയുധങ്ങളും മറ്റു സുരക്ഷാ സംവിധാനങ്ങളും ഉറപ്പുവരുത്തണമെന്ന് പ്രശാന്ത് ആവശ്യപ്പെട്ടു. ഫെയ്സ്ബുക് കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യമുന്നയിച്ചത്.
ആശുപത്രിയോട് ചേർന്നുള്ള എയ്ഡ് പോസ്റ്റുകളുടെ എണ്ണം കൂട്ടാനും അവർക്ക് തോക്ക് ഉൾപ്പെടെയുള്ള സുരക്ഷാ സാമഗ്രികൾ ലഭ്യമാക്കണമെന്നും പ്രശാന്ത് ആവശ്യപ്പെട്ടു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പോലീസുകാർ ചികിത്സയ്ക്കെത്തിച്ച ആളുടെ കുത്തേറ്റ് വനിതാ ഡോക്ടർ മരിച്ച സംഭവത്തിന് പിന്നാലെയാണ് പോലീസുകാർക്ക് തോക്ക് ഉൾപ്പെടെ ലഭ്യമാക്കണമെന്ന് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ആവശ്യപ്പെടുന്നത്. പ്രതിയുടെ ആക്രമണത്തിൽ പോലീസുകാർക്കും പരിക്കേറ്റിരുന്നു.
ഫെയ്സ്ബുക് കുറിപ്പ്
ആശുപത്രികളുടെ സുരക്ഷ, നമ്മുടേതും
പ്രിയ സഹോദരി ഡോ. വന്ദന ദാസിന്റെ ആത്മാവിന് നിത്യശാന്തി നേർന്ന് പൊലീസ് സമൂഹവും മകളെ നഷ്ടമായ ആ മാതാപിതാക്കൾക്കൊപ്പമാണ്. നികത്താൻ കഴിയാത്ത വിയോഗമാണ് കുടുംബത്തിനുണ്ടായിരിക്കുന്നത്. രാവിലെ മുതൽ തിരുവനന്തപുരം കിംസ് ആശുപത്രിയിലും മെഡിക്കൽകോളേജ് ആശുപത്രിയിലുമൊക്കെ കണ്ടത് കരളലിയിക്കുന്ന കാഴ്ചകളാണ്. ജീവന്റെ കാവലാളായി കാണേണ്ട ഡോക്ടറെ ആശുപത്രിയിൽ സർജിക്കൽ ഉപകരണം ഉപയോഗിച്ച്, യാതൊരു പ്രകോപനവുമില്ലാതെ മൃഗീയമായി കൊലപ്പെടുത്തിയ സംഭവം കേരള മനസാക്ഷിയെ എക്കാലവും മുറിപ്പെടുത്തുന്ന ഒരു കണ്ണീരോർമയാണ്. വർഷങ്ങളുടെ പഠന തപസ്യക്ക് ശേഷമാണ് ഒരു ഡോക്ടറെ സമൂഹ സേവനത്തിനായി ലഭിക്കുന്നത്.
നമ്മുടെ ജീവന് സുരക്ഷിതത്വം നൽകുന്ന ആശുപത്രികൾക്കും ആരോഗ്യ പ്രവർത്തകർക്കും സുരക്ഷ ഒരുക്കേണ്ടതിന് മതിയായ പ്രാധാന്യം നൽകിയേ മതിയാകൂ. അത് മുൻ നിർത്തി കേരളത്തിൽ നിയമ നിർമാണങ്ങളുണ്ടായിട്ടുണ്ടെങ്കിലും, ഇന്ന് കൊട്ടാരക്കര താലുക്ക് ആശുപത്രിയിൽ ഡോക്ടർ വന്ദന ദാസിന് സംഭവിച്ച ദുരന്തം, ആശുപത്രികളുടെ സുരക്ഷയെ സംബന്ധിച്ച് പുതിയ ചർച്ചകൾക്ക് വഴി തുറന്നിട്ടിരിക്കുകയാണ്. അതോടൊപ്പം അഞ്ച് പോലീസ് ഉദ്യോഗസ്ഥരും ക്രൂരമായ ആക്രമണത്തിന് ഇരയായി. നാടിന് കാവലാളായി പ്രവർത്തിയെടിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ ജീവനും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. രാത്രികാല പട്രോളിങ് സമയത്ത് പോലീസ് ഉദ്യോഗസ്ഥർക്ക് ഇത്തരം ആകസ്മിക ആക്രമണങ്ങളെ നേരിടാൻ വേണ്ട ആയുധങ്ങളും, മറ്റ് സുരക്ഷാ സംവിധാനങ്ങളും ഉറപ്പ് വരുത്തേണ്ടതുണ്ട്. ആശുപത്രിയോട് ചേർന്നുള്ള എയ്ഡ്‌പോസ്റ്റുകളിലെ പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടാനും അവർക്ക് തോക്കടക്കമുള്ള സുരക്ഷാ സാമഗ്രികൾ ലഭ്യമാക്കാനും എയഡ് പോസ്റ്റുകളിൽ ആശുപത്രികളിലെ പ്രധാന സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമാക്കാനുമുള്ള നടപടികൾ സ്വീകരിക്കാവുന്നതാണ്. വരും നാളുകളിൽ ഇത് സംബന്ധിച്ച ക്രിയാത്മകമായ നടപടികൾ ഉണ്ടാകുമെന്ന് പ്രത്യാശിക്കുന്നു.
കുടുംബത്തിന്റെ തീരാ ദുഖത്തിൽ പങ്കുചേരുന്നു. പ്രിയപ്പെട്ട ഡോക്ടർ വന്ദനക്ക് ആദരാഞ്ജലികൾ