മേയറുമായി റോഡിൽ വാക്കുതർക്കം: മെമ്മറി കാർഡ് കാണാതായതിലും സംശയം ഡ്രൈവറെ

Update: 2024-05-05 04:39 GMT

മേയർ ആര്യാ രാജേന്ദ്രനുമായി റോഡിൽ വാക്കുതർത്തിലേർപ്പെട്ട കെഎസ്ആർടിസി ഡ്രൈവർ യദുവിനെ വിടാതെ പൊലീസ്. മേയറുമായി തർക്കമുണ്ടായ ദിവസം ബസ് ഓടിച്ചുകൊണ്ടിരിക്കെ യദു ഒരുമണിക്കൂറോളം ഫോണിൽ സംസാരിച്ചു എന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്. ഇതിനെക്കുറിച്ച് കെഎസ്ആർടിസിക്കും റിപ്പോർട്ട് നൽകും.

തൃശൂരിൽ നിന്ന് യാത്ര തുടങ്ങി മേയറുമായി പ്രശ്‌നമുണ്ടായ പാളയം എത്തുന്നതുവരെ പലതവണയായി യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇത്രയും ദൂരം യാത്രചെയ്യുന്നതിനിടെ ബസ് നിർത്തിയിട്ട് വിശ്രമിച്ചത് വെറും 10 മിനിറ്റിൽ താഴെ മാത്രമാണ്. അതുകൊണ്ടുതന്നെ ബസ് ഓടിച്ചുകൊണ്ടായിരുന്നു യദുവിന്റെ ഫോൺ സംസാരമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഫോണിൽ സംസാരിച്ചുകൊണ്ട് വാഹനമോടിക്കുന്നത് ഗുരുതര കുറ്റമാണ്. അതിനിടെ, ബസിലെ സിസിടിവി കാമറയിലെ മെമ്മറി കാർഡ് കാണാതായ സംഭവത്തിലും പൊലീസ് അന്വേഷണം നീളുന്നത് യദുവിലേക്ക് തന്നെയാണ് റിപ്പോർട്ട്. തർക്കം നടന്നതിന് പിറ്റേദിവസം പകൽ തമ്പാനൂർ ഡിപ്പോയിൽ പാർക്കുചെയ്തിരുന്ന ബസിന് സമീപം യദു എത്തിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

മെമ്മറി കാർഡ് കാണാതായതുമായി ബന്ധപ്പെട്ട് യദുവിന്റെ ഫോൺവിളി വിവരങ്ങളും പരിശോധിക്കും. മെമ്മറി കാർഡ് ബസിൽ ഇട്ടത് എന്നാണെന്ന വിവരവും പൊലീസ് കെഎസ്ആർടിസിയോട് തേടിയിട്ടുണ്ട്. എന്നാൽ ഇതിന് കെഎസ്ആർടി മറുപടി കൊടുത്തോ എന്ന് വ്യക്തമല്ല.

Tags:    

Similar News