പബ്ലിക് വൈഫൈകൾ ഉപയോഗിച്ച് പണമിടപാടുകൾ നടത്തുന്നവർക്ക് മുന്നറിയിപ്പുമായി പാെലീസ്

Update: 2023-11-30 08:56 GMT

പബ്ലിക് വൈഫൈകൾ ഉപയോഗിച്ച് ഓൺലൈൻ പണമിടപാടുകൾ നടത്തുന്നവർക്ക് നിർദേശവുമായി സിറ്റി പൊലീസ്. സൗജന്യ ഹോട്ട്സ്പോട്ടുകളിലേക്ക് മൊബൈൽ കണക്ട് ചെയ്ത് യു.പി.ഐ, നെറ്റ് ബാങ്കിംഗ് എന്നിവ ഉപയോഗിക്കരുത്. പാസ് വേഡുകളും യു.പി.ഐ ഐഡികളും ഉൾപ്പടെയുള്ള വിവരങ്ങൾ ചോരാൻ സാദ്ധ്യതയേറെയാണ്. ഫോണിൽ സൂക്ഷിച്ചിരിക്കുന്ന സ്വകാര്യ രേഖകൾ, ഫോട്ടോകൾ, കോൺടാക്ടുകൾ, ലോഗിൻ ക്രെഡെൻഷ്യലുകൾ എന്നിവയും ചോർത്തിയെടുക്കാൻ ഹാക്കർമാർക്ക് ഞൊടിയിടയിൽ കഴിയും.

സർക്കാരിന്റെ ഉൾപ്പടെയുള്ള പൊതുസ്ഥലങ്ങളിലെ സൗജന്യ ഹോട്ട്സ്പോട്ടുകൾ സൗകര്യപ്രദമാണെങ്കിലും പലപ്പോഴും അവ സുരക്ഷിതമല്ലെന്നതാണ് യാഥാർത്ഥ്യം. ഹോട്ട്സ്പോട്ടുകൾ കണക്ട് ചെയ്ത് സുരക്ഷിതമല്ലാത്ത ആപ്പുകൾ ഡൗൺലോഡ് ചെയ്യുകയോ അക്കൗണ്ടുകൾ എടുക്കുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു.

സാമ്പത്തിക ഇടപാടുകൾ നടത്തുന്ന സ്വകാര്യ വെബ് സൈറ്റുകളിലും സ്വകാര്യ വിവരങ്ങൾ അപ് ലോഡ് ചെയ്യരുത്. വിവരങ്ങൾ ലഭിച്ചാൽ ആപ്പുകളിലെ നിങ്ങളുടെ സെഷൻ ഹാക്ക് ചെയ്യാനും മറ്റ് ഡിവൈസുകളിൽ നിന്ന് നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യാനും ഹാക്കർമാർക്ക് സാധിക്കും. നിങ്ങളറിയാതെ തന്നെ നിങ്ങളുടെ മൊബൈൽ ഫോൺ സ്ക്രീൻ ഹാക്കർക്ക് നിയന്ത്രിക്കാനും കഴിയും.

സ്ക്രീൻ നിയന്ത്രണം ലഭിക്കുന്നതോടെ ഫോണിലെ നിങ്ങളുടെ ചെറു നീക്കങ്ങൾ പോലും ഹാക്കറുടെ ശ്രദ്ധയിൽ വരും. സൗജന്യമായി ലഭിക്കുന്ന ഹാക്കിംഗ് ഉപകരണങ്ങൾ ഉപയോഗിച്ച് പരിമിതമായ സാങ്കേതിക പരിജ്ഞാനമുള്ളവർക്കുപോലും ഇത്തരത്തിൽ മറ്റൊരാളുടെ ഫോൺ നിയന്ത്രിക്കാൻ കഴിയുമെന്നത് വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. നിങ്ങളുടെ കോണ്ടാക്ട് ലിസ്റ്റിലുള്ളവരുടെ പണം കൈക്കലാക്കാനും നിങ്ങളുടെ പേരുവിവരങ്ങൾ ചിലപ്പോൾ ഹാക്കർമാർ ഉപയോഗിച്ചേക്കാമെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു. ഇത്തരത്തിൽ ഓണലൈൻ വഴി പണം നഷ്ടപ്പെടുകയോ മറ്റ് സാമ്പത്തിക നഷ്ടങ്ങളോ ഉണ്ടാവുകയാണെങ്കിൽ 1930 എന്ന നമ്പറിലോ www.cybercrime.gov.in എന്ന വെബ് സൈറ്റിലോ പരാതി റജിസ്റ്റർ ചെയ്യാം.

Tags:    

Similar News