ഗുണ്ടാബന്ധമുള്ള പൊലിസുദ്യോഗസ്ഥർക്കെതിരെയുള്ള നടപടിക്ക് വേഗം കൂട്ടണമെന്ന് ആഭ്യന്തരവകുപ്പ്
ഗുണ്ടാബന്ധമുള്ള പൊലിസുദ്യോഗസ്ഥർക്കെതിരെയുള്ള നടപടികളുടെ വേഗം കുറഞ്ഞതോടെ കർശനനടപടിയെടുക്കാൻ ആഭ്യന്തരവകുപ്പിന്റെ നിർദേശം. ഗുണ്ടാബന്ധമുള്ള പൊലീസുദ്യോഗസ്ഥരുടെ കാര്യത്തിൽ എന്തൊക്കെ നടപടി വേണമെന്ന കാര്യം നാളെ പൊലീസ് ഉന്നതതല യോഗത്തിൽ ചർച്ച ചെയ്യും.
ജില്ലാ പൊലീസ് മേധാവികൾ, ഡിഐജിമാർ,ഐജിമാർ എഡിജിപിമാർ ഉൾപ്പെടെ സംസ്ഥാനത്തെ ക്രമസമാധാന –ഇന്റലിജൻസ് ചുമതലയുള്ള എല്ലാ ഉന്നത പൊലീസുദ്യോഗസ്ഥരും തിരുവനന്തപുരത്തു ചേരുന്ന യോഗത്തിൽ പങ്കെടുക്കും.
മൂന്നു മാസത്തിലൊരിക്കൽ ചേരുന്ന ഇൗ യോഗത്തിന്റെ ഇപ്പോഴത്തെ പ്രധാന അജൻഡ പൊലീസ് – ഗുണ്ടാ ബന്ധമാണ്. ക്രിമിനൽ കേസുകളിൽപ്പെട്ട സിഐമാരായ 5 പേരെക്കൂടി രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ പിരിച്ചുവിടാനും നീക്കമുണ്ട്.
പിരിച്ചുവിടുന്നതിനായി ആദ്യം 59 പേരുടെ പട്ടികയും അതിൽ നിന്ന് 10 പേരുടെ പട്ടികയും തയാറാക്കിയിരുന്നു. എന്നിട്ടും നടപടി 5 പേരിലൊതുങ്ങി. ബാക്കിയുള്ളവരുടെ പട്ടിക പൊലീസ് ആസ്ഥാനത്ത് ഉന്നതർ ഇടപെട്ട് ഒതുക്കിയപ്പോഴാണ് മുഖ്യമന്ത്രി നേരിട്ടു വീണ്ടും ഇടപെട്ടത്.
ഡിജിപി കർശന നിർദേശം നൽകിയിട്ടും ജില്ലകളിൽനിന്നും ക്രിമിനൽ കേസുകളിൽ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരുടെ പൂർണപട്ടിക പൊലീസ് ആസ്ഥാനത്ത് ഇതുവരെ കിട്ടിയതുമില്ല. ഇനിയും 4 ജില്ലകളിൽനിന്ന് ഇൗ പട്ടിക എത്തിയിട്ടില്ലെന്നാണു വിവരം.
ഗുണ്ടാബന്ധമുണ്ടെങ്കിലും തെളിവില്ലാത്തതിനാൽ പേരുവിവരം രേഖാമൂലം നൽകാനാകില്ലെന്നു ചില ജില്ലാ പൊലീസ് മേധാവികൾ അറിയിച്ചു. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വേണമെന്ന നിലപാടും ആവർത്തിച്ചു. നാളത്തെ യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും.
ജില്ലാ സ്പെഷൽ ബ്രാഞ്ചിനെ ശക്തിപ്പെടുത്താനും പതിവു സമരപരിപാടികളുടെ മാത്രം കാര്യങ്ങൾ അറിയിക്കാനല്ലാതെ സംസ്ഥാനത്തെ സുരക്ഷയെ ബാധിക്കുന്നതുൾപ്പെടെ വിവരങ്ങൾ കണ്ടുപിടിക്കുന്ന ജോലി ജില്ലാ സ്പെഷൽ ബ്രാഞ്ചിനെ ചുമതലപ്പെടുത്താനും നിർദേശമുണ്ട്. ലഹരി വിൽപനയുടെ വിവരങ്ങളും ജില്ലാ സ്പെഷൽ ബ്രാഞ്ച് ശേഖരിക്കണം.