തൃശൂർ പൂര വിവാദത്തിൽ അന്വേഷണത്തിന് കൂടുതൽ സമയം ചോദിച്ചു, റിപ്പോർട്ട് 24നകം നൽകാൻ നിർദേശിച്ചു; മുഖ്യമന്ത്രി
തൃശൂര്‍ പൂരം സംബന്ധിച്ച് നല്ല രീതിയിൽ തന്നെ പരിശോധന നടത്താൻ നേരത്തെ ചുമതലപ്പെടുത്തിയതാണെന്ന് മുഖ്യമന്ത്രി. അത് നടക്കുന്നുണ്ട്. വസ്തുതകള്‍ക്ക് അനുസരിച്ചുള്ള റിപ്പോര്‍ട്ട് അല്ല വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് മറുപടി നല്‍കിയത്. അതിനാലാണ് പൊലീസ് ആസ്ഥാനത്തെ വിവരാവകാശ ഓഫീസര്‍ക്കെതിരെ നടപടിയെടുത്തത്. വിവരാവകാശ ഓഫീസറായ ഡിവൈഎസ്പിയെ അന്വേഷണ വിധേയമായി മാറ്റി നിര്‍ത്തി. അന്വേഷണം നേരത്തെ പൂര്‍ത്തിയാക്കേണ്ടതായിരുന്നു.എന്നാല്‍, കഴിഞ്ഞയാഴ്ച കുറച്ചു കൂടി സമയം വേണമെന്ന കത്ത് ലഭിച്ചു. തുടര്‍ന്ന് 24ന് മുമ്പ് അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് നല്‍കണമെന്ന് ഉത്തരവിട്ടു.
ആ റിപ്പോര്‍ട്ട് കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിപ്പോര്‍ട്ട് വൈകുന്നതിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടുണ്ട്. കാര്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. എന്തുകൊണ്ടാണ് അന്വേഷണ റിപ്പോര്‍ട്ട് വൈകുന്നതെന്ന് സ്വഭാവികമായും അന്വേഷിക്കും. അന്വേഷണ ഉദ്യോഗസ്ഥനെ ഇതുവരെ മാറ്റിയിട്ടില്ല. അദ്ദേഹം തന്നെ അന്വേഷിക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.
എഡിജിപി എംആര്‍ അജിത്ത് കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്‍റെ വിവാദങ്ങള്‍ക്കിടെ ആരോപണ വിധേയനായ എംആര്‍ അജിത്ത് കുമാര്‍ തന്നെ തൃശൂര്‍ പൂരം കലക്കൽ അന്വേഷിക്കുന്നതിലൂടെ വസ്തുത പുറത്തുവരുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയിട്ടില്ലെന്ന മറുപടി മുഖ്യമന്ത്രി നല്‍കിയത്.
അതേസമയം എം ആര്‍ അജിത് കുമാറിനെ എഡിജിപി സ്ഥാനത്ത് നിന്ന് നിലവില്‍ മാറ്റില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പൊലീസ് സേനയുടെ മനോവീര്യം തകർക്കുന്ന നിലപാടുകൾ അംഗീകരിക്കാനാകില്ല. അജിത്തിനെതിരെയുള്ള ആരോപണങ്ങളില്‍ അന്വേഷണ റിപ്പോർട്ട് വരട്ടെ. അതിന് ശേഷം നടപടി ആലോചിക്കുമെന്നാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ആരോപണങ്ങള്‍ ഔദ്യോഗിക കൃത്യനിർ വഹണത്തിന് തടസമായിട്ടുണ്ടെങ്കിലോ ബാധിച്ചിട്ടുണ്ടെങ്കിലോ നടപടി വരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.